ന്യൂഡല്‍ഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി. ചൊവ്വാഴ്‌ച ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന മൂന്നാമത് മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പ്രതിരോധ രംഗത്ത് ഇന്തോ -പസഫിക് മേഖലയിലെ ഉഭയകക്ഷി സഹകരണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടക്കും. ഭാര്യ സൂസന്‍ പോംപിയോയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ അനുഗമിച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്. നവംബര്‍ 3ന് നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരാഴ്‌ച ശേഷിക്കെയാണ് സന്ദര്‍ശനം. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, മാലി ദ്വീപ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പങ്കെടുക്കും. ലഡാക്കിലെ ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും, ഇന്തോ- പസഫിക് മേഖലയിലെ ചൈനീസ് സൈന്യത്തിന്‍റെ ഇടപെടലിന്‍റെയും പശ്ചാത്തലത്തിലാണ് ഉന്നത തല ചര്‍ച്ച നടക്കുന്നത്. സ്വതന്ത്ര ഇന്തോ- പസഫിക് മേഖല ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയും യുഎസും മറ്റ് രാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ചൈനീസ് സൈന്യത്തിന്‍റെ കടന്നു കയറ്റത്തിനെതിരെ ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നീ രാജ്യങ്ങള്‍ ടോക്കിയോയില്‍ ഒക്‌ടോബര്‍ 6ന് കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ട്രംപ് ഭരണകാലത്ത് സ്റ്റേറ്റ് സെക്രട്ടറിയുടെ നാലാമത്തെ ഇന്ത്യ സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളുടെയും ആദ്യ മന്ത്രിതല ചര്‍ച്ച 2018 സെപ്‌റ്റംബറിലാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമാണ് അന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. രണ്ടാം ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ഡിസംബറില്‍ വാഷിംഗ്‌ടണിലാണ് നടന്നത്.