മെക്‌സികോ സിറ്റി: മെക്‌സികോയില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. നൂറ് കണക്കിന് വനിതകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്‌ട്ര ദിനത്തിലായിരുന്നു മെക്‌സികോയില്‍ പ്രകടനം നടന്നത്. പ്രകടനം സമാധാനപരമായിരിക്കാന്‍ അധികൃതരും പ്രതിഷേധകരും നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും പൊലീസും പ്രതിഷേധക്കാരുമായി സംഘര്‍ഷം നടന്നു. നാഷണല്‍ പാലസിലെത്താനുള്ള പ്രതിഷേധകരുടെ ശ്രമങ്ങളെ പൊലീസ് തടഞ്ഞു.
2018ല്‍ പ്രസിഡന്‍റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്‌റേഡര്‍ അധികാരത്തിലെത്തിയതിന് ശേഷം സര്‍ക്കാര്‍ ഇത്തരം അതിക്രമങ്ങള്‍ നേരിടുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്ത് സ്‌ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവന്നതിനാല്‍ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനത്തിലും ആയിരക്കണക്കിന് സ്‌ത്രീകളാണ് തെരുവില്‍ പ്രതിഷേധവുമായെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2019ല്‍ ദിവസം 10 എന്ന കണക്കില്‍ 3825 സ്‌ത്രീകളാണ് അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതലാണ്.