നോർത്ത് കരോലിന: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്‍റ് നോമിനി കമല ഹാരിസിനെതിരെ ആഞ്ഞടിച്ചു. ആളുകൾക്ക് കമലയെ ഇഷ്ടമല്ലെന്നായിരുന്നു ട്രംപിന്‍റെ ആദ്യ വാദം. അതിനാല്‍ തന്നെ കമല ഹാരിസ് ഒരിക്കലും അമേരിക്കൻ വൈസ് പ്രസിഡന്റ് ആകില്ലെന്നും നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായ കമലയും പ്രസിസന്റ് സ്ഥാനാർഥിയായ ജോ ബൈഡനും കോവിഡ് വാക്സിനെക്കുറിച്ചു നടത്തിയ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. കോവിഡ് വാക്സിന്റെ ഫലപ്രാപ്തിയെയും സുരക്ഷിതത്വത്തെയും കുറിച്ച് വിശ്വസനീയ ഉറവിടത്തിൽനിന്ന് വിവരം ലഭിക്കുന്നതുവരെ ഇതുസംബന്ധിച്ച പ്രസിഡന്റ് ട്രംപിന്‍റെ വാദങ്ങളെ വിശ്വസിക്കില്ലെന്നായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കമല അഭിപ്രായപ്പെട്ടത്. ഇതിനുള്ള മറുപടിയുമായാണ് ട്രംപ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അവർ വാക്സിനെ അവമതിക്കുന്ന രീതിയിലാണ് സംസാരിക്കുന്നത്. അതൊരു വലിയ നേട്ടമാണെന്ന് ആളുകൾ ചിന്തിക്കില്ല. ഇത് തന്നെ അവരുടെ തോൽവി ഉറപ്പാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.ചൈനയും കലാപകാരികളും ബിഡെനെ വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹത്തിന്‍റെ നയങ്ങൾ അമേരിക്കയുടെ പതനമാകുമെന്ന് അവർക്കറിയാം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ വർഷം നവംബർ മൂന്നിന് നടക്കും.