വാഷിങ്‌ടൺ: അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്‍റെ മെരിലൻഡിലെ ബാൾട്ടിമോറിലെ കൊവിഡ് വാക്‌സിൻ നിർമാണ പ്ലാന്‍റിൽ ഗുണനിലവാരത്തിൽ പിഴവ് കണ്ടെത്തി. ഇതിനെ തുടർന്ന് 15 മില്യൺ ഡോസ് കൊവിഡ് വാക്‌സിൻ നശിപ്പിച്ചു.
പ്ലാന്‍റിലെ തൊഴിലാളികൾ കൊവിഡ് വാക്‌സിൻ നിർമാണത്തിനിടെ ചില ചേരുവകൾ തെറ്റായി കലർത്തി എന്നാണ് റിപ്പോർട്ടുകൾ. പിഴവ് കണ്ടെത്തിയ ഉടൻ തന്നെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ അറിയിച്ചതായും മരുന്നിന്‍റെ ഗുണനിലവാരത്തിൽ എത്രമാത്രം ശ്രദ്ധ കൊടുക്കുന്നതിന്‍റെ ഉദാഹരണമാണിതെന്നും കമ്പനി പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. അതേ സമയം ഉത്‌പാദനം, സാങ്കേതിക പ്രവർത്തനങ്ങൾ, ഗുണനിലവാരം എന്നിവ ഉറപ്പ് വരുത്തുന്നതിനായി കൂടുതൽ വിദഗ്‌ധരെ ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെയാണ് യു.എസ് അഡ്‌മിനിസ്‌ട്രേഷൻ ജോൺസൺ ആൻഡ് ജോൺസന്‍റെ കൊവിഡ് വാക്‌സിന് അംഗീകാരം നൽകിയത്. അതേ സമയം കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായി തുടരുകയാണ് യു.എസ്.