കാബൂൾ : കാബൂളിലെ അമേരിക്കൻ എംബസി ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5,000 സൈനികരെ കൂടി അഫ്‌ഗാനിസ്ഥാനില്‍ വിന്യസിക്കാൻ അനുമതി നൽകിയതായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. നയതന്ത്ര, സൈനിക, രഹസ്യാന്വേഷണ സംഘങ്ങളുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉദ്യോഗസ്ഥരെ സുരക്ഷിതമായി അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ബൈഡന്‍ പങ്കുവച്ചു. നിലവിലെ സാഹചര്യത്തില്‍,യു.എസ് സൈനികരെ സഹായിക്കുന്ന അഫ്‌ഗാൻ പൗരന്മാര്‍ക്കും സുരക്ഷയൊരുക്കും.
'യു.എസ് സൈനിക നടപടി നേരിടേണ്ടിവരും'
യു.എസ് സൈന്യത്തിന്‍റെ ദൗത്യത്തെ യാതൊരു തരത്തിലും അപകടത്തിലാക്കരുതെന്ന് ദോഹയിലെ താലിബാൻ പ്രതിനിധികളെ ഉദ്യോഗസ്ഥര്‍ മുഖേന അറിയിച്ചിട്ടുണ്ട്.
ഇനി വിപരീതമായൊരു നീക്കം താലിബാന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ വേഗത്തിലും ശക്തവുമായ യു.എസ് സൈനിക നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഫ്‌ഗാനിസ്ഥാനിലെ വിമതസേനയായ താലിബാൻ തലസ്ഥാന നഗരമായ കാബൂളില്‍ പ്രവേശിച്ചു. കാബൂള്‍ ഒഴികെയുള്ള തന്ത്രപ്രധാനമായ എല്ലാ നഗരവും താലിബാൻ സേന ഞായറാഴ്ച രാവിലെയോടെ പിടിച്ചെടുത്തിരുന്നു. കാബൂള്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളും വിമത സേന അടച്ചു.
പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ താലിബാന്‍
കാബൂളിന്‍റെ നാലുവശത്തു നിന്നും ഒരേ സമയം നഗരത്തിലേക്ക് പ്രവേശിക്കുകയാണ് താലിബാൻ. ഇതോടെ മണിക്കൂറുകള്‍കം അഫ്‌ഗാനിസ്ഥാന്‍റെ പൂര്‍ണ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുമെന്ന് ഉറപ്പായി.
യു.എസ് സേനയുടെ പൂര്‍ണമായ പിന്മാറ്റം ഈ വര്‍ഷം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കാനിരിക്കെയാണ് താലിബാന്‍റെ മുന്നേറ്റം.
താലിബാൻ തന്ത്രപ്രധാന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ യു.എസ് സേനയുടെ ബാക്കിയുള്ള സൈനികരേയും എംബസി ജീവനക്കാരേയും മാറ്റുന്നതിനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.
ALSO READ: താലിബാൻ കാബൂളില്‍ പ്രവേശിച്ചു; അഫ്ഗാൻ വിമത സേനയുടെ നിയന്ത്രണത്തിലേക്ക്