വാഷിങ്‌ടണ്‍: അഫ്‌ഗാനിസ്ഥാൻ-താലിബാൻ സമാധാന ചർച്ചകൾ ഇന്ന് ആരംഭിക്കും. ഇരുവിഭാഗങ്ങളും രാജ്യത്ത് സമാധാനം കൊണ്ടുവരാനും സൈനികരെ പിൻവലിക്കാനുമുള്ള തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷയുണ്ടെന്ന് അഫ്‌ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി സൽമൈ ഖലീൽസാദ് പറഞ്ഞു.
അമേരിക്ക, അഫ്‌ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കും. കൂടാതെ ഇരുവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്‌ഗാനിസ്ഥാനിൽ സമാധാനത്തിനായുള്ള നയതന്ത്രത്തിന്‍റെ പുതിയ ഘട്ടമാണിത്. രാജ്യത്ത് വർഷങ്ങളായി നിലനിൽക്കുന്ന യുദ്ധത്തിൽ നിന്ന് ജനങ്ങൾക്ക് മോചനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ഇരുവിഭാഗങ്ങൾക്കും ഇതൊരു പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഫെബ്രുവരി 29ന് ഒപ്പുവച്ച യുഎസ്-താലിബാൻ കരാറിനെ തുടർന്നാണ് അഫ്‌ഗാനിസ്ഥാൻ-താലിബാൻ സമാധാന ചർച്ച ആരംഭിക്കുന്നത്.