ബീജിങ്: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്ക് ബ്രസീലിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് വിസ ഒഴിവാക്കുമെന്ന് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയര്‍ ബോൾസൊണാരോ അറിയിച്ചു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ, കാനഡ എന്നിവയെ ഇതിനകം ഹ്രസ്വകാല ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത രാജ്യം ഇന്ത്യയായിരിക്കുമെന്ന് വ്യാഴാഴ്‌ച നടന്ന യോഗത്തില്‍ പ്രസിഡന്‍റ് പറഞ്ഞതായി ബ്രസീലിയന്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു.
ചൈനയിൽ ഏകദേശം 139 കോടി ജനസംഖ്യയുണ്ട്, ഇന്ത്യയിൽ 130 കോടിയും. ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടുന്ന അഞ്ച് പ്രമുഖ ദേശീയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്‌സിന്‍റെ ഭാഗം കൂടിയാണ് ഇന്ത്യയും ചൈനയും. ചൈനയിലേക്കുള്ള ബോൾസൊണാരോയുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അദ്ദേഹം ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.