വാഷിങ്‌ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് സഹായിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ദുഷ്‌കരമായ സാഹചര്യമാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ളത്. ഇരു രാജ്യങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗൽവാനിൽ ഇന്ത്യ- ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ ചൈനീസ് സൈനികർക്ക് പരിക്കേറ്റ റിപ്പോർട്ടുകളുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമല്ല. മുമ്പും വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ നേരിട്ട് ചൈനയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് ആയിരുന്നു ഇന്ത്യയുടെ പ്രതികരണം.