അമേരിക്കൻ ബഹുരാഷ്ട്ര വിവരസാങ്കേതികവിദ്യ കമ്പനിയായ ഐബിഎം ബോർഡിലേക്ക് ആദ്യമായി ആഫ്രിക്കൻ വംശജയായ അമേരിക്കൻ യുവതി അധികാരത്തിൽ എത്തുന്നു. അമേരിക്കൻ നാവികസേനയിൽ ഓഫീസറായിരുന്ന അഡ്മിറൽ മിഷേൽ ജെ ഹോവാർഡിനാണ് ഈ അപൂർവ അംഗീകാരം ലഭിച്ചത്. അഞ്ചുവർഷം മുമ്പ് 2014ൽ നേവൽ ഓപറേഷൻസ് വൈസ് ചീഫ് ആയിരുന്നു ഹൊവാർഡ്. ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് അവർ.
മൂന്നര പതിറ്റാണ്ടിന്‍റെ സേവനത്തിന് ശേഷം രണ്ടുവർഷം മുമ്പാണ് ഹോവാർഡ് നാവികസേനയിൽ നിന്നു വിരമിച്ചത്. സൈന്യത്തിൽ അപൂർവമായ ബഹുമതികൾ നേടിയിട്ടുണ്ട് ഹോവാർഡ്. ജോർജ് വാഷിങ്ടൺ സർവകലാശാലയിൽ സൈബർ സുരക്ഷയെക്കുറിച്ച് പഠിപ്പിക്കുന്നതിനിടെയാണ് പുതിയ ഉത്തരവാദിത്തം അവരെ തേടിയെത്തിയത്. മാർച്ച് ഒന്ന് മുതലാണ് നിയമനം.