വാഷിംങ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് അമേരിക്കന്‍ സെനറ്റില്‍ തുടക്കമായി. രാജ്യത്തിന്‍റെ ചരിത്രത്തില്‍ സെനറ്റില്‍ വിചാരണ നേടുന്ന പ്രസിഡന്‍റായി ട്രംപ് മാറുമ്പോള്‍ അമേരിക്കന്‍ ചരിത്രത്തിലെ നിര്‍ണായ ദിവസമായി മാറുകയാണ് ജനുവരി 16 വ്യാഴാഴ്‌ച ( അമേരിക്കന്‍ സമയം). സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ജോണ്‍ റോബര്‍ട്ട്സ് സെനറ്റിന്‍റെ താത്കാലിക അധ്യക്ഷനായി സത്യപ്രതിജ്ഞ ചെയ്‌തതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്. നിക്ഷ്‌പക്ഷമായി നീതി നടപ്പാക്കുമെന്ന മുഖവുരയോടെയാണ് ജോണ്‍ റോബര്‍ട്ട്സ് സത്യപ്രതിജ്ഞ ചെയ്‌തത്. സെനറ്റിലെ 99 അംഗങ്ങളും പതിവുരീതി പ്രകാരം അധ്യക്ഷന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ ഒരു മണിക്ക് ( ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണി) വീണ്ടും ചേരുമെന്ന പ്രഖ്യപനത്തോടെ സെനറ്റ് താത്‌കാലികമായി പിരിഞ്ഞു. സെനറ്റില്‍ മൂന്നില്‍ രണ്ട് പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ഇംപീച്ച്മെന്‍റ് നടപ്പാവുകയുള്ളു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്.
അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണ് തന്നെ ഇംപീച്ച് ചെയ്യാനുള്ള നീക്കം, ഡെമോക്രാറ്റുകളുടെ നടപടി ഏകപക്ഷീയമാണെന്നും ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണെന്നുമാണ് വിഷയത്തില്‍ ട്രംപിന്‍റെ നിലപാട്. വരാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം നടത്താൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്‍റ് നടപടി നേരിടുന്നത്.
അധികാര ദുർവിനിയോഗം നടത്തിയെന്ന കുറ്റം ആരോപിച്ച് ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കാനുള്ള പ്രമേയം ഒരു മാസം മുമ്പ് ജനപ്രതിനിധിസഭ പാസാക്കിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസമാണ് സ്‌പീക്കര്‍ നാന്‍സി പെലോസി പ്രമേയം ഉപരിസഭയായ സെനറ്റിലേക്ക് കൈമാറിയത്. അങ്ങേയറ്റം നാണംകെട്ട നടപടിയാണ് സെനറ്റില്‍ നടക്കാനിരിക്കുന്നതെന്നാണ് ഇംപീച്ച്മെന്‍റ് നടപടികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സെനറ്റിലെ റിപ്പബ്ലിക്കന്‍ കക്ഷി നേതാവ് മിച്ച് മക്കോണല്‍ അഭിപ്രായപ്പെട്ടത്. ട്രംപിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒന്നിച്ചു നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേറെ ഒരു വഴിയുമില്ലാത്തത് കൊണ്ടാണ് ഇംപീച്ച് നടപടികളിലേക്ക് കടക്കേണ്ടിവന്നതെന്നാണ് സ്‌പീക്കര്‍ നാന്‍സി പെലോസിയുടെ വാദം. " അമേരിക്കയ്‌ക്ക് ഇത് വിഷമം നിറഞ്ഞ ദിവസമാണ്. ട്രംപിന്‍റെ നടപടികള്‍ അമേരിക്കയുടെ സുരക്ഷയ്‌ക്ക്പോലും ഭീഷണിയായിരുന്നു, സത്യപ്രതിജ്ഞയുടെ ലംഘനമാണ് പ്രസിഡന്‍റ് ചെയ്‌തത്, ഇംപീച്ച്മെന്‍റ് അല്ലാതെ ഞങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ല" - നാന്‍സി പെലോസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭുരിപക്ഷമുള്ള സഭയിൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസാവാനുള്ള സാധ്യത കുറവാണെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിന്‍റെ പ്രതിഛായക്ക് കാര്യമായ ക്ഷതം ഏൽപ്പിക്കാൻ ഇംപീച്ച്മെന്‍റ് നടപടികൾ ഉപകരിക്കുമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ.