വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് വിചാരണയില്‍ ഡെമോക്രാറ്റുകളുടെ വാദം തുടങ്ങി. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ട്രംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് വേണ്ടി തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരോട് അഭ്യര്‍ഥിച്ചു. അഴിമതി നിറഞ്ഞ മുഖങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ തങ്ങള്‍ക്കൊപ്പം മുന്‍പന്തിയില്‍ നില്‍ക്കണമെന്നും ഡെമോക്രാറ്റുകള്‍ ട്രംപിനെ പ്രസിഡന്‍റാക്കിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.
ട്രംപിനെതിരായ ആരോപണങ്ങളില്‍ വാദം നടത്താൻ ഡെമോക്രാറ്റുകൾക്ക് മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുന്ന ഇംപീച്ച്മെന്‍റ് ഫലം എന്താകും എന്ന ആശങ്ക ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്.
നിയമങ്ങൾ അനുസരിച്ചാണ് സിംഹഭാഗം സെനറ്റര്‍മാരും നടപടികളില്‍ പങ്കെടുത്തത്. ചിലര്‍ കാര്യക്ഷമമായി ഇടപെടലുകള്‍ നടത്തിയപ്പോള്‍ ചിലര്‍ ഒന്നിലും ഭാഗമാകാതെയും ഇരുന്നു.
ഇംപീച്ച്മെന്‍റ് നടപടികളില്‍ അതിവേഗ കോടതി സ്ഥാപിച്ച് കൂടുതല്‍ സാക്ഷികളെ എത്തിക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ താല്‍പ്പര്യം. അമേരിക്കന്‍ പ്രസിഡന്‍റിനെ സ്ഥാനത്തു നിന്ന് നീക്കണമോയെന്നതില്‍ സെനറ്റ് വിചാരണ നടക്കുന്നത് മൂന്നാം തവണയാണ്. ട്രംപിന്‍റെ നടപടികളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിരോധിക്കുമ്പോൾ പ്രസിഡന്‍റിനെ ദുര്‍ബലപ്പെടുത്താനായി രാഷ്ട്രീയ പ്രേരിത ശക്തിയായാണ് ഇംപീച്ച്മെന്‍റ് വരുന്നതെന്നും അവർ ആരോപിക്കുന്നു.
അസോസിയേറ്റഡ് പ്രസ് എന്‍ആര്‍സി സെന്‍റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സിന്‍റെ പഠനം അനുസരിച്ച് 45 ശതമാനം വരെയുള്ള ആളുകള്‍ ഇംപീച്ച് ചെയ്യണമെന്നാണ് അഭിപ്രായം. 14 ശതമാനം ഇതിന് പ്രത്യേകിച്ച് അഭിപ്രായമൊന്നുമില്ലെന്നും അഭിപ്രായപ്പെടുന്നു. എങ്കിലും ഭൂരിഭാഗവും ഇംപീച്ച് ചെയ്യണ്ട എന്ന അഭിപ്രായമുള്ളവരാണ്. ട്രംപിന്‍റെ എതിര്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുക്രൈന്‍ പ്രസിഡന്‍റിനെ സ്വാധീനിച്ചെന്നാണ് ട്രംപിനെതിരെയുള്ള ആരോപണം. അധികാര ദുര്‍വിനിയോഗം നടത്തി, സാക്ഷികള്‍ ഹാജരാകുന്നത് തടഞ്ഞുവെച്ചു തുടങ്ങിയവയാണ് ജനപ്രതിനിധി സഭ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.