വാഷിങ്ങ്ടണ്‍: കൊവിഡ് പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങളിലെ ശിശു മരണനിരക്ക് നിലനവിലെ നിരക്കിന്‍റെ പകുതിയോളം വർദ്ധിക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്‍റ് ഡേവിഡ് മാൽപാസ്. ആരോഗ്യ സേവനങ്ങളുടെ അഭാവവും ഭക്ഷണ ലഭ്യത കുറയുന്നതും ശിശുമരണനിരക്ക് 45 ശതമാനം വരെ വർദ്ധിക്കാൻ ഇടയാക്കുമെന്നാണ് മുൻകാല കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തയാഴ്‌ച നടക്കുന്ന ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി വാർഷിക യോഗങ്ങൾക്ക് മുന്നോടിയായി നടന്ന വെർച്വൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു മാൽപാസ്. പകർച്ചവ്യാധി ഭാവിയിൽ വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്തെ കാര്യമായ ബാധിക്കുമെന്നും ലോക ബാങ്ക് പ്രസിഡന്‍റ് പറഞ്ഞു.
വികസ്വര രാജ്യങ്ങളിലെ 1.6 ബില്യണിലധികം കുട്ടികൾക്ക് കൊവിഡ് കാരണം സ്കൂളിൽ പോകാൻ പറ്റാതായി. ഇത് ഈ വിദ്യാർത്ഥികൾക്ക് 10 ട്രില്യൺ ഡോളറിന് തുല്യമായ നഷ്‌ടം ജീവിതത്തിൽ ഉണ്ടാക്കുമെന്നും മാൽപാസ് പറഞ്ഞു. രാജ്യങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ ശേഷി ഉയർത്താൻ ലോക ബാങ്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മാൽപാസ് കൂട്ടിച്ചേർത്തു.