വാഷിംഗ്ടൺ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഹൃദയഭേദകമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഇന്ത്യയിൽ ദിനംപ്രതി വർധിച്ചു വരുന്ന കൊവിഡ് കേസുകളും മരണവും തീർത്തും അശങ്ക ഉളവാക്കുന്നതാണ്. ഇന്ത്യയുടെ ക്ഷേമം അമേരിക്കയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നും കമല ഹാരിസ് പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് നിവാരണത്തിനായുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഡയസ്പോറ ഔട്ട്‌റീച്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കമല.
Also read: ഇന്ത്യയിലേക്കുള്ള വൈദ്യസഹായം: വീരോചിതമായ ശ്രമമെന്ന് യുഎസ്
ഇന്ത്യക്ക് വേണ്ട സമയത്ത് സഹായങ്ങൾ എത്തിക്കാൻ അമേരിക്കൻ ഭരണകൂടം പ്രതിജ്ഞാബദ്ധരാണ്. ഈ നിർണായക സമയത്ത് ഇന്ത്യയെ സഹായിക്കാൻ അമേരിക്കയുടെ മുഴുവൻ സർക്കാർ സംവിധാനങ്ങളും തയാറാണെന്നും കമല പറഞ്ഞു. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ അമേരിക്കയിലെ ആശുപത്രി കിടക്കകൾ നിറഞ്ഞപ്പോൾ ഇന്ത്യ സഹായം എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയെ ആവശ്യമുള്ള സമയത്ത് തിരിച്ച് സഹായിക്കാൻ തങ്ങൾ ദൃഡനിശ്ചയം എടുത്തതായും കമല ഹാരിസ് പറഞ്ഞു.
ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ ദശലക്ഷക്കണക്കിന് ഡോളറാണ് ഇന്ത്യയെ സഹായിക്കാനായി സ്വരൂപിച്ചത്. സേവാ ഇന്റർനാഷണൽ യുഎസ്എ 10 മില്യൺ യുഎസ് ഡോളറിലധികം സമാഹരിച്ചു. അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ 3.5 മില്യൺ യുഎസ് ഡോളറും ഇൻഡ്യാസ്പോറ രണ്ട് മില്യൺ ഡോളറിലധികവും ഇതിനായി സമാഹരിച്ചതായും കമല ഹാരിസ് പറഞ്ഞു.
കൊവിഡിനെ നേരിടാൻ ബൈഡൻ-ഹാരിസ് ഭരണകൂടം ഇന്ത്യയ്ക്ക് 100 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്കുള്ളിൽ, ആറ് വിമാനങ്ങളാണ് അമേരിക്കയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങളുമായി എത്തിയത്.
Also read: കൊവിഡ് പ്രതിസന്ധിയിലും അമ്മാവന് ജന്മദിനാശംസകളുമായി കമല ഹാരിസ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാല് ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ വിറങ്ങലിക്കുന്ന ഇന്ത്യയിലെ ആശുപത്രികൾ മെഡിക്കൽ ഓക്സിജന്റെയും കിടക്കകളുടെയും അഭാവത്തിൽ വലയുകയാണ്.
Also read: കമല ഹാരിസ് : അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത