ന്യൂയോർക്ക്: കൊവിഡ് 19 ന്റെ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ചത് ഒരു വിഭാഗം കുട്ടികളെയെന്ന് യുനിസെഫ്. കരുതൽ നിക്ഷേപത്തിന്റെ മുൻഗണനാ ക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും യുനിസെഫ് വ്യക്തമാക്കി. കൊവിഡ് കുട്ടികളിൽ ഉണ്ടാക്കിയ ആഘാതത്തിൽ കൃത്യമായ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറിയേറ്റ ഫോർ പ്രസ്താവനയിൽ പറഞ്ഞു. കുട്ടികൾ മാത്രമല്ല യുവാക്കളും വലിയ തോതിൽ കൊവിഡിന്‍റെ ആഘാതം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകത്ത് ആകമാനം 18 വയസിന് താഴെയുള്ള 99 ശതമാനം പേരേയും യാത്രാ വിലക്ക് ബാധിച്ചു. ഏകദേശം 82 രാജ്യങ്ങളിലായി 1.4 ബില്യൺ കുട്ടികളെയും ലോക് ഡൌൺ നേരിട്ട് ബാധിച്ചു. വരാനിരിക്കുന്നത് വലിയ സാമ്പത്തിക മാന്ദ്യം ആണെന്നും കരുതൽ നിക്ഷേപം വക മാറ്റി ചെലവഴിക്കില്ലെന്നും യുനിസെഫ് എക്സിക്യൂട്ടീവ് വ്യക്തമാക്കി. വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണം, ആരോഗ്യം, പോഷകാഹാരം, വെള്ളം, ശുചിത്വം എന്നിവക്കായി നിക്ഷേപം വർധിപ്പിക്കുന്നതിലൂടെ നിലവിലെ തകർച്ചയുടെ ആഘാതം കുറക്കാൻ ലോകത്തിന് കഴിയും. ഇതിലൂടെ വരാനിരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകുമെന്നും ഹെൻറിയേറ്റ ഫോർ പറഞ്ഞു .