ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും കൊവിഡ്-19 വാക്‌സിനുകൾ എത്തിച്ചതിൽ നന്ദി പ്രകടിപ്പിച്ചുകൊണ്ട് കാനഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരസ്യചിത്രം പ്രദർശിപ്പിച്ചു. കാനഡയിലെ ഗ്രേറ്റർ ടൊറന്‍റോയിലാണ് ഇന്ത്യക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ-കാനഡ ബന്ധം കൂടുതൽ കാലം നിലനിൽകട്ടെ എന്നും അതിൽ പറയുന്നു. കാനഡയിലെ ഹിന്ദു ഫോറത്തെ കുറിച്ചും ബിൽബോർഡിൽ പരാമർശിക്കുന്നുണ്ട്.
മാർച്ച് 4ന് ആണ് അസ്ട്രാസെനെക്കയുടെ 500,000 ഇന്ത്യൻ നിർമിത കോവിഷീൽഡ് കോവിഡ് -19 വാക്‌സിൻ കാനഡയിലേക്ക് എത്തിച്ചത്. ഇന്ത്യയുടെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് പൂനെയിലാണ് ഇവ നിർമിച്ചത്. ഇന്ത്യ ഇനിയും 1.5 മില്ല്യൺ ഡോസ് വാക്‌സിൻ കൂടി കാനഡയിലേക്ക് അയച്ചേക്കും.
ഈ മാസം ആദ്യം നരേന്ദ്ര മോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി സംസാരിക്കുകയും കാനഡയുടെ കോവിഡ് -19 വാക്‌സിനേഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ലോകം കൊവിഡ്-19ന് എതിരെ ശക്തമായി പോരാടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഇന്ത്യയുടെ മഹത്തായ വാക്‌സിൻ നിർമാണ ശേഷിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വപാടവവും ആയിരിക്കും എന്ന് കനേഡിയൻ പ്രധാന മന്ത്രി അറിയിച്ചു.
ബിൽബോർഡ് പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മോദി കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചിരുന്നു. കൂടാതെ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ അഡാർ പൂനവല്ലയും തങ്ങളുടെ വാക്‌സിൻ സ്വീകരിച്ചതിന് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.