വാഷിങ്‌ടണ്‍: അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും ഹൈ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലയും അമേരിക്കയിലേക്ക്. പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്താനാണ് ഇരു നേതാക്കളുടെയും അടുത്തയാഴ്ചയുള്ള സന്ദർശനം. ബൈഡന്‍റെ ക്ഷണപ്രകാരമാണ് അഫ്‌ഗാൻ നേതാക്കളെത്തുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.
അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്‍റെ പിന്മാറ്റം സംബന്ധിച്ച ചർച്ചകളായിരിക്കും നടക്കുക.
also read: അഫ്‌ഗാൻ സമാധാനം: യഥാർഥ ഇസ്ലാമിക സംവിധാനം വേണമെന്ന് താലിബാൻ
അഫ്‌ഗാനില്‍ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്‍റെ പിന്മാറ്റം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം താലിബാൻ ആക്രമണം രൂക്ഷമായിരുന്നു. നയതന്ത്ര, സാമ്പത്തിക, മാനുഷിക സഹായം നൽകി അഫ്ഗാൻ ജനതയെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പിന്നാലെ അമേരിക്ക പ്രസ്താവനയിറക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സുരക്ഷിത മേഖലയായി ഒരു രാജ്യവും ലോകത്തുണ്ടാകാൻ അനുവദിക്കില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാർഷികത്തിന് മുന്നോടിയായി യുഎസ് അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് ആരംഭിക്കുമെന്ന് ബൈഡൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.