വാഷിങ്ടണ്‍: സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്‍റെ ഇരുപതാം വാർഷികത്തിന് മുമ്പ് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് എല്ലാ അമേരിക്കൻ സൈനികരെയും പിൻവലിക്കാനൊരുങ്ങി അമേരിക്ക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പ്രസിഡന്‍റ് ജോ ബൈഡൻ ബുധനാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2001 സെപ്റ്റംബർ 11 നാണ് അമേരിക്ക ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭീകരാക്രമണത്തെ നേരിട്ടത്. ആക്രമണത്തിൽ മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടു. കേവലം 102 മിനിറ്റിനുള്ളിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്‍ററിന്‍റെ രണ്ട് ടവറുകളുമാണ് ഹൈജാക്ക് ചെയ്യപ്പെട്ട വിമാനമുപയോഗിച്ച് തകര്‍ത്തത്.
താലിബാനുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെ മെയ് ഒന്നിന് മുമ്പ് എല്ലാ അമേരിക്കൻ സൈനികരെയും അഫ്‌ഗാനില്‍ നിന്ന് പിൻവലിക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമയപരിധിക്കുള്ളിൽ വിദേശ സൈനികർ രാജ്യം വിട്ടില്ലെങ്കില്‍ യുഎസ്, നാറ്റോ ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം വീണ്ടും ആരംഭിക്കുമെന്ന് താലിബാൻ മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തിരുന്നു.
ബൈഡന്‍റെ തീരുമാനത്തില്‍ താലിബാന്‍റെ പ്രതികരണം എന്താകുമെന്നത് നിര്‍ണായകമാണ്. ഇരു വിഭാഗങ്ങളും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ മേഖല വീണ്ടും സംഘര്‍ഷഭരിതമാകും. ഔദ്യോഗികമായി, അഫ്ഗാനിസ്ഥാനിൽ 2500 യുഎസ് സൈനികരുണ്ടെങ്കിലും ഈ കണക്കില്‍ വ്യത്യാസം വരാനിടയുണ്ട്. ആയിരത്തോളം അധികം അമേരിക്കൻ സൈനികര്‍ മേഖലയിലുണ്ട്. ഇത് കൂടാതെ 7,000 വിദേശ സൈനികരും ഇവിടെയുണ്ട്. അവരില്‍ ഭൂരിഭാഗവും നാറ്റോ സൈനികരാണ്.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയിൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി നേടിയ നേട്ടങ്ങളെ അപകടത്തിലാക്കിക്കൊണ്ട് യുഎസ് പുറത്തുകടക്കുന്നത് കാബൂൾ സർക്കാരിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്ന് ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.