ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. യുഎസുമായി നിലനില്‍ക്കുന്ന പ്രശ്നത്തില്‍ ഇന്ത്യയുടെ പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രി എത്തിയിരിക്കുന്നതെന്നാണ് സൂചന. സൗദിയുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന്‍റെ കൂടി പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയാണ് ഇന്ത്യ പുലര്‍ത്തുന്നത്.
ഇറാന് മുന്നറിയിപ്പുമായി അമേരിക്ക കഴിഞ്ഞ ദിവസം മധ്യപൂര്‍വേഷ്യയിലേക്ക് വിമാനവാഹിനിക്കപ്പലും ബി-52 ബോംബര്‍ വിമാനങ്ങളും അയച്ചിരുന്നു. എന്നാൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടിലാണ് ഇറാന്‍. മധ്യപൂര്‍വേഷ്യയിലെ സഖ്യരാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്ക ഇറാനെതിരെയുള്ള നീക്കം ശക്തമാക്കുന്നത്. യുദ്ധസമാന സാഹചര്യം വന്നാല്‍ ഇന്ത്യയുടെ തീരുമാനം നിര്‍ണായകമാകും. സൗദി അറേബ്യയും ഇസ്രയേലും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ നിര്‍ണായക നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
മേഖലയിലെ ഏത് തരത്തിലുള്ള സംഘര്‍ഷവും എണ്ണ വില കുതുച്ചുയരാന്‍ ഇടയാക്കും. ഇത് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ എണ്ണ ഇറക്കുമതി കുറയ്ക്കില്ലെന്ന വിശ്വാസത്തിലാണ് ഇറാന്‍. അമേരിക്കന്‍ ഉപരോധത്തിന്‍റെ അടിസ്ഥാനത്തില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചെങ്കിലും ഇളവ് നല്‍കാന്‍ കഴിയില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ അമേരിക്ക നല്‍കിയ നിര്‍ണായകമായ പിന്തുണ കണ്ടില്ലെന്ന് നടിക്കാൻ ഇന്ത്യക്ക് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇറാനുമായുള്ള വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളെ ഇക്കാര്യങ്ങളും സ്വാധീനിക്കും.