ബ്രസീലിയ: ആമസോണിലെ കാട്ടുതീ അണക്കുന്നതില്‍ വിദേശ സഹായം സ്വീകരിക്കുന്നതില്‍ ബ്രസീല്‍ നിലപാട് മാറ്റി. പണം എങ്ങനെ ചിലവഴിക്കണമെന്ന് തീരുമാനിക്കാന്‍ ബ്രസീലിന് അവകാശമുണ്ടെങ്കില്‍ മാത്രം വിദേശ സഹായം സ്വീകരിക്കാമെന്ന് പ്രസിഡന്‍റ് ജയിര്‍ ബൊല്‍സൊനാരോ വ്യക്തമാക്കി. ബ്രിട്ടന്‍ നല്‍കിയ ഒരു കോടി പൗണ്ടും (87.72 കോടി) ചിലി നല്‍കിയ 4 വിമാനങ്ങളും അദ്ദേഹം സ്വീകരിച്ചു. ആമസോണ്‍ വനസംരക്ഷണത്തിനായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ യോഗം വിളിക്കുമെന്നും ബൊല്‍സൊനാരോ വ്യക്തമാക്കി.
നേരത്തെ ജി-7 രാജ്യങ്ങള്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച 20 ദശലക്ഷം യൂറോയുടെ സാമ്പത്തിക സഹായം ബ്രസീല്‍ നിരസിച്ചിരുന്നു. പണം യൂറോപ്പിലെ വനനശീകരണം നിയന്ത്രിക്കാന്‍ ഉപയോഗിക്കൂ എന്നായിരുന്നു പ്രതികരണം. ആമസോണ്‍ വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്‍റ് തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചാല്‍ പണം സ്വീകരിക്കാമെന്നും ബ്രസീല്‍ പ്രസിഡന്‍റ് നിലപാടെടുത്തിരുന്നു. പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തു.
അതേ സമയം ആമസോണില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ഒക്ടോബര്‍ വരെ കാക്കണമെന്നാണ് വിലയിരുത്തലുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ചുള്ള തീയണക്കല്‍ ശ്രമങ്ങള്‍ ചെറിയ പ്രദേശത്ത് മാത്രമാണ് ഫലപ്രദമാകുന്നത്. ശക്തമായ മഴ പെയ്‌താല്‍ മാത്രമേ തീ പൂര്‍ണമായും അണയുകയുള്ളു. നിലവില്‍ പെയ്യുന്ന ചെറിയ മഴക്ക് തീ അണക്കാനുള്ള ശേഷിയുമില്ല. സെപ്റ്റംബര്‍ ഒടുവിലാണ് ആമസോണിലെ മഴക്കാലം. അത് വരെ തീ പടര്‍ന്നാല്‍ ആമസോണ്‍ വനമേഖലയിലെ വന നശീകരണവും പ്രത്യാഘാതങ്ങളും ചിന്തിക്കാന്‍ കഴിയാത്തതായിരിക്കുമെന്നാണ് വിലയിരുത്തല്‍.