വാഷിങ്ടൺ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് 13 യുഎസ് സൈനികരുടെ മരണത്തിന് ഇടയാക്കുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇരട്ട സ്ഫോടനത്തിന് കാരണക്കാരായവർക്ക് തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. വ്യാഴാഴ്ച കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്ഫോടനത്തിൽ 60ഓളം അഫ്‌ഗാൻ പൗരന്മാരും 13ഓളം യുഎസ് സൈനികരുമാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയവർക്ക് മാപ്പില്ലെന്നും ഉറപ്പായും തിരിച്ചടിക്കുമെന്നും ജോ ബൈഡൻ വ്യാഴാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവളത്തിന് പുറത്തും സമീപത്തെ ഹോട്ടലിന് മുൻപിലും ഉണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആണെന്ന് പറഞ്ഞ ബൈഡൻ അവരുടെ നേതൃത്വത്തെയും സൗകര്യങ്ങളെയും അടിച്ചമർത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ കമാൻഡർമാർക്ക് മുന്നറിയിപ്പ് നൽകിയതായും മാധ്യമങ്ങളോട് വ്യക്തമാക്കി.
ആക്രമണങ്ങളെ തുടർന്ന് കാബൂളിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കില്ലെന്നും ഓഗസ്റ്റ് 31ന് മുൻപ് എല്ലാവരെയും ഒഴിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം
ഓഗസ്റ്റ് 31നാണ് അമേരിക്കൻ സൈനികരുടെ അഫ്‌ഗാനിൽ നിന്നുള്ള പിന്മാറ്റം പൂർണമാകുന്നത്. സൈന്യത്തിന്‍റെ പിന്മാറ്റത്തിന് ശേഷവും അഫ്‌ഗാനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരുണ്ടെങ്കിൽ അവരെ ഒഴിപ്പിക്കാനുള്ള ദൗത്യം അമേരിക്ക ഏറ്റെടുക്കുമെന്ന് ബൈഡൻ പറഞ്ഞു.