മെക്‌സിക്കോ സിറ്റി: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മെക്‌സിക്കോയിലെ ആശുപത്രിയിൽ 16 രോഗികൾ മരിച്ചു. വൈദ്യുതിബന്ധം തകരാറിലായതിനാൽ ഓക്‌സിജൻ ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചതാകാം മരണകാരണമെന്ന് നാഷണൽ സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
തുടർച്ചയായി പെയ്‌ത മഴയിൽ മെക്‌സിക്കോ സിറ്റിക്ക് വടക്ക് തുല മേഖലയിൽ വെള്ളം ഉയരുകയും ഇത് സമീപത്തെ ആശുപത്രിയിൽ ഇരച്ചുകയറിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ 40ഓളം രോഗികൾ രക്ഷപ്പെട്ടതായും രോഗികളെ മറ്റൊരു ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും അറിയിച്ചു.
ALSO READ: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം
അതേസമയം വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെയും സൈനികരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആശുപത്രി ജനറേറ്ററുകളടക്കം പ്രദേശത്തുടനീളം വൈദ്യുതിബന്ധം തകരാറിലാണ്. ഇവിടേക്ക് ബോട്ടുകളും മറ്റുമെത്തിച്ച് ആളുകളെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് തുല മേയർ മാനുവൽ ഹെർണാണ്ടസ് ബാഡില്ലോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.