അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കർ അല്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടതിന് പ്രതികാരമായി നൈജീരിയയിൽ ഐഎസ് ഭീകരർ 11 ക്രിസ്‌ത്യാനികളെ കൊലപ്പെടുത്തി. ഒക്‌ടോബറിലാണ് ബാഗ്‌ദാദി സിറിയയിൽ കൊല്ലപ്പെടുന്നത്. വ്യാഴാഴ്‌ചയാണ് 11 പേരെ വധിക്കുന്ന വീഡിയോ പുറത്തുവന്നത്. പത്ത് പേരെ കഴുത്തറുത്തും ഒരാളെ വെടിവെച്ചും കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം ക്രിസ്‌ത്യാനികൾക്കുള്ള സന്ദേശമാണെന്ന് വീഡിയോയിൽ പറയുന്നു.
56 സെക്കന്‍റുള്ള വീഡിയോയിൽ ഓറഞ്ച് നിറമുള്ള വസ്‌ത്രങ്ങൾ ധരിച്ചിരുന്ന ക്രിസ്‌ത്യാനികൾ തറയിൽ മുട്ടുകുത്തി നിൽക്കുകയായിരുന്നു. നൈജീരിയൻ മാധ്യമപ്രവർത്തകൻ അഹമ്മദ് സൽകിതയാണ് വീഡിയോ പുറത്തുവിട്ടത്. ക്രൂരമായ ഈ ആക്രമണത്തിൽ അമേരിക്ക അപലപിച്ചു. ഈ കൊലയാളികൾ ഇസ്ലാമിനെയും ലോകമെമ്പാടുമുള്ള വിശ്വാസികളായ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് നൈജീരിയൻ രാഷ്‌ട്രപതി മുഹമ്മദ് ബുഹാരി പ്രതികരിച്ചു.
നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്കൻ പ്രവിശ്യ(ഐഎസ്‌ഡബ്ല്യുഎപി) എന്നാണ് ഐഎസ് അറിയപ്പെടുന്നത്. 2016ലാണ് ഇത് രൂപീകരിക്കുന്നത്. ഇറാഖിലും സിറിയയിലും കൈവശം വെച്ചിരുന്ന എല്ലാ പ്രദേശങ്ങളും ഐഎസിന് നഷ്‌ടമായെങ്കിലും ഫിലിപ്പീൻസ്, അഫ്‌ഗാനിസ്ഥാൻ, സിനായി, സഹേൽ എന്നിവിടങ്ങളിലെ അനുബന്ധ സ്ഥാപനങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാൽ തീവ്രവാദ സംഘം ഇപ്പോഴും ഒരു ഭീഷണിയായി തുടരുന്നു.