ബുട്ടെമ്പോ: കോംഗോയിലെ മായ്-നോംബെ പ്രവിശ്യയിലെ നദിയിൽ ബോട്ട് മറിഞ്ഞ് 60 പേർ മരിച്ചു. എഴുനൂറോളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മായ്-നോംബെ പ്രവിശ്യയിലെ ലോംഗോള എക്കോട്ടി ഗ്രാമത്തിന് സമീപം കോംഗോ നദിയിലാണ് അപകടം ഉണ്ടായത്.
60 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മുന്നൂറോളം പേരെ രക്ഷപ്പെടുത്തി. നിരവധി ആളുകളെ കാണാതായെന്നും കോംഗോ ഭരണകൂടം അറിയിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. കിൻഷാസയിൽ നിന്ന് ഇക്വേറ്റർ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ അമിതമായി യാത്രക്കാരെ കയറ്റിയതും, ചരക്കുകളുടെ അമിത ഭാരവുമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.