ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ 'അടിത്തട്ട്' (Adithattu) എന്ന സിനിമയ്‌ക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചത്. ജിജോ ആന്‍റണി (Jijo Anthony) സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയരായ സണ്ണി വെയ്‌നും (Sunny Wayne) ഷൈൻ ടോം ചാക്കോയും (Shine Tom Chacko) ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. പുരസ്‌കാര നേട്ടത്തിന് പിന്നാലെ സണ്ണി വെയ്‌ൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ നേടുന്നത്.
- " class="align-text-top noRightClick twitterSection" data="">
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്‍റെ നിറവിൽ നിൽക്കുന്ന 'അടിത്തട്ടി'ലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് എഴുതിയിരിക്കുകയാണ് സണ്ണി വെയ്ൻ. ഫേസ്‌ബുക്കിലൂടെ ആണ് താരത്തിന്‍റെ പ്രതികരണം. കടലിന്‍റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന ‘മാർക്കോസ്’ തന്നെ ഏറെ വേട്ടയാടിയ കഥാപാത്രമാണെന്ന് സണ്ണി വെയ്ൻ ഫേസ്‌ബുക്കിൽ കുറിച്ചു.
പകയും പ്രതികാരവും ഇത്രത്തോളം മനോഹരമാക്കിയ മറ്റൊരു സിനിമ സമീപകാലത്ത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ലെന്നും 'അടിത്തട്ട്' വ്യത്യസ്‌തമാകുന്നത് അവിടെയാണെന്നും അദ്ദേഹം എഴുതി. സംവിധായകൻ ജിജോ ആന്‍റണിക്കും സംഘത്തിനും ഒപ്പം പ്രേക്ഷകർക്കും നന്ദി പറഞ്ഞുകൊണ്ടാണ് സണ്ണി വെയ്‌ൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സണ്ണി വെയ്‌ന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:
കടലിന്‍റെ ആഴവും പരപ്പും ഇഴചേർന്ന് കിടക്കുന്ന 'മാർക്കോസ്' എന്നെ ഏറെ വേട്ടയാടിയ കഥാപാത്രമാണ്... പകയും പ്രതികാരവും ഇത്രത്തോളം മനോഹരമാക്കിയ മറ്റൊരു സിനിമ സമീപകാലത്ത് നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകില്ല.. 'അടിത്തട്ട്' വ്യത്യസ്‌തമാകുന്നത് അവിടെയാണ്... സംവിധായകൻ ജിജോ ആന്‍റണിക്കും സംഘത്തിനും നന്ദി... ഒപ്പം എന്നെ സ്‌നേഹിക്കുന്ന, പിന്തുണയ്‌ക്കുന്ന, ചേർത്ത് നിർത്തുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി...'അടിത്തട്ടി'നെ മികച്ച സിനിമയായി തെരഞ്ഞെടുത്ത ജൂറിക്ക് പ്രത്യേക നന്ദി..!
നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളായ ആംബ്രോസിന്‍റെയും മക്കുവിന്‍റെയും ജീവിതം വരച്ചുകാട്ടുന്ന 'അടിത്തട്ട്' എന്ന ഈ ചിത്രം മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഖായിസ് മില്ലൻ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ജയപാലൻ, പ്രശാന്ത് അലക്‌സാണ്ടർ, മുരുഗൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ, അബ്‌ദുസമദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്.
'ഡാര്‍വിന്‍റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്‌ത ചിത്രമാണ് 'അടിത്തട്ട്'. ജിജോ ആന്‍റണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് 'അടിത്തട്ട്' വിലയിരുത്തപ്പെടുന്നത്.
മത്സ്യത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ നിരവധി സിനിമകൾ മലയാളത്തില്‍ ഇതിന് മുൻപും വന്നിട്ടുണ്ട്. എന്നാല്‍ അവരുടെ ജീവിതം യാഥാർഥ്യത്തോടെ അവതരിപ്പിക്കുകയാണ് 'അടിത്തട്ട്' ചെയ്യുന്നത്. പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവമാണ് ചിത്രം നൽകുന്നത്.
പാപ്പിനോ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്‌തിരിക്കുന്നത് നൗഫൽ അബ്‌ദുള്ളയാണ്. ദീപക് പരമേശ്വർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. നസീർ അഹമ്മദ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.