മുംബൈ: പഠാൻ സിനിമ റിലീസിന് ശേഷം വിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് ഷാരൂഖ് ഖാൻ. എല്ലാം വിനോദത്തിന്റെ പേരിലാണ് ചെയ്യുന്നതെന്നും സിനിമകൾ വിനോദത്തിന് വേണ്ടിയുള്ളതിനാൽ കാര്യങ്ങൾ ഗൗരവമായി കാണരുതെന്നുമായിരുന്നു ഷാരൂഖ് ഖാന്‍റെ പ്രതികരണം. ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങളോട് സൂക്ഷ്‌മമായാണ് ഷാരൂഖ് ഖാൻ പ്രതികരിച്ചത്.
1977ൽ മൻമോഹൻ ദേശായിയുടെ ക്ലാസിക് സിനിമയായ അമർ അക്‌ബർ അന്തോണിയിലെ ഐതിഹാസിക കഥാപാത്രങ്ങളുമായി അദ്ദേഹം, തന്നെയും ചടങ്ങിൽ പങ്കെടുത്ത ദീപിക പദുകോണിനെയും ജോൺ എബ്രഹാമിനെയും താരതമ്യപ്പെടുത്തി. ഇന്ത്യയിലെ ഏകത്വവും സാംസ്‌കാരിക വൈവിധ്യവും ഉയർത്തിക്കാട്ടാനാണ് അതിലൂടെ ഷാരൂഖ് ശ്രമിച്ചത്.
പഠാന്‍റെ റിലീസിന് മുൻപ് ചിത്രം ബഹിഷ്‌കരിക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എങ്കിലും ഇത്തരം പ്രചാരണങ്ങൾ ചിത്രത്തെ പ്രതികൂലമായി ബാധിച്ചില്ലെന്ന് മാത്രമല്ല, ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസ് ചെയ്‌ത ആദ്യ ദിനം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം, 5 ദിവസം കൊണ്ട് 542 കോടി രൂപ കലക്ഷൻ നേടി.