'സ്റ്റൈല് സ്റ്റൈല് താൻ...ഇത് സൂപ്പർ സ്റ്റൈല് താൻ'
സ്റ്റൈലിഷായി..സൂപ്പർ കൂളായി ഡ്രസ് ചെയ്യുന്ന സിനിമ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ മുൻപന്തി കൈയടക്കാൻ മമ്മൂട്ടിയുണ്ടാകും. ന്യൂജൻ താരങ്ങൾക്ക് ചില്ലറ കോമ്പറ്റീഷനൊന്നുമല്ല മമ്മൂട്ടിയുടെ ഓരോ ലുക്കും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന, താരത്തിന്‍റെ പുത്തൻ ഗെറ്റപ്പുകൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറ്.
പുത്തൻ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം കണ്ട ഞെട്ടലിലാണ് സൈബറിടം. വൈറ്റ് ആൻഡ് വൈറ്റിലാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത്. എംബ്രോയിഡറി വർക്കുള്ള വൈറ്റ് കളർ ഹാഫ് സ്ലീവ് ഷർട്ടും പാന്‍റും. ലുക്കിന് ഫിനിഷിങ് നൽകുന്ന ഇളം നീല നിറത്തിലുള്ള ഷൂസും ഒരു കൂളിങ് ഗ്ലാസും. പശ്ചാത്തലത്തിൽ പഴയ മോഡൽ ലാൻഡ് റോവർ കാറും. With A predacious എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ലാന്‍ഡ് - റോവറിനെയാണ് പ്രിഡേഷ്യസ് എന്ന് മമ്മൂട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.
പങ്കുവച്ച് മിനിറ്റുകൾക്കകം ചിത്രത്തിന്‍റെ കമന്‍റ് ബോക്‌സ് ആരാധകർ കീഴടക്കി. മായ നായിഡു, റിമി ടോമി, രജിഷ വിജയൻ, ശ്രിന്ദ, കൃഷ്‌ണശങ്കർ, ഗ്രേസ് ആന്‍റണി, ഗൗരി നന്ദ, മുന്ന, നിഷ മാത്യു തുടങ്ങി നിരവധി സെലിബ്രിറ്റികളും കമന്‍റ് ചെയ്‌തവരുടെ കൂട്ടത്തിലുണ്ട്. കമന്‍റ് ബോക്‌സ് ആരാധകരുടെ പ്രശംസയും പരിഭവവും കൊണ്ട് നിറഞ്ഞു.

'വീക്കെൻഡ് ഇക്ക കൊണ്ടുപോയി, പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മൊതല്, പ്രായത്തെ അപമാനിച്ചു എന്ന് പറഞ്ഞ് ഇയാൾക്കെതിരെ കേസ് കൊടുക്കണം, ഇയാളെ കൊണ്ട് ചെറുപ്പക്കാർക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായി, ഈ മനുഷ്യൻ വീണ്ടും വീണ്ടും ഞെട്ടിക്കുവാണല്ലോ, നിങ്ങൾ നിങ്ങളുടെ മകനെ ഇടയ്‌ക്ക് ആലോചിക്കണം കേട്ടോ, ലെ പ്രായം : ഇങ്ങേർക്ക് ഭ്രാന്താടാ, ഇനി എങ്കിലും പറ ഇക്ക എന്തോന്നാ കഴിക്കണേ', എന്നിങ്ങനെ പോകുന്നു രസകരമായ നിരവധി കമന്‍റുകൾ.
നാല് ദിവസം മുൻപാണ് ബുഡാപെസ്റ്റിൽ നിന്നുള്ള ചില ക്ലിക്കുകൾ മമ്മൂട്ടി പങ്കുവച്ചത്. Once upon a time in Budapest എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. ബുഡാപെസ്റ്റിലെ ലിബർട്ടി ബ്രിഡ്‌ജിൽ നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി നൽകിയത്. ബ്രൗൺ നിറത്തിലുള്ള പാന്‍റും ടീ ഷർട്ടും കൂടെ മഡ് ബ്രൗൺ നിറത്തിൽ ഓവർ ഷർട്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് ഗംഭീര ലുക്കിൽ പോസ് ചെയ്യുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ ആരാധകരെ അമ്പരപ്പിച്ചു. മമ്മൂക്കയ്ക്ക് ഇന്നും പതിനേഴിന്‍റെ ചെറുപ്പമാണെന്നാണ് ആരാധകർ ഒന്നടങ്കം പറയാറുള്ളത്.

ക്യാമറയ്ക്ക് മുന്നിലെ മാസ് ലുക്ക് പോസിങ് മാത്രമല്ല ഫോട്ടോഗ്രഫിയോട് മമ്മൂക്കയ്ക്കുള്ള ഇഷ്‌ടത്തെക്കുറിച്ചും എല്ലാവർക്കും അറിയാം. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്‍റെ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരുന്നു. ദി മെഗാ ഷൂട്ടർ എന്ന ക്യാപ്‌ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചത്. മമ്മൂട്ടി എടുത്ത ചിത്രങ്ങൾ പോസ്റ്റിന് താഴെ കമന്‍റ് ചെയ്യാനും ചാക്കോച്ചൻ മറന്നില്ല.

Also read : പോണി ടെയിലിലും കൂളിങ് ഗ്ലാസിലും കസറി മമ്മൂട്ടി; ബസൂക്ക ഫസ്‌റ്റ് ലുക്ക് പുറത്ത്
ബസൂക്ക, കണ്ണൻ സ്‌ക്വാഡ്, കാതൽ എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. പോണി ടെയിലും കൂളിങ് ഗ്ലാസും വച്ച് മാസ് ലുക്കിലുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്‌തിരുന്നു. അഭിനന്ദന പ്രവാഹമായിരുന്നു ഫസ്റ്റ് ലുക്കിനും ലഭിച്ചത്.