സത്യജിത് റേയുടെ നിരവധി പ്രശംസ നേടിയ ചിത്രം പ്രതിധ്വന്തി 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മേളയിലെ കാൻ ക്ലാസിക് വിഭാഗത്തിലാണ് 1970ലെ ദേശീയ അവാർഡ് നേടിയ ചിത്രത്തിന്‍റെ പ്രദർശനം.
സുനിൽ ഗംഗോപാധ്യായയുടെ നോവലിനെ ആസ്‌പദമാക്കി സത്യജിത് റേ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് പ്രതിധ്വന്തി. സാമൂഹിക അശാന്തിയുടെ പ്രക്ഷുബ്‌ധതയിൽ അകപ്പെട്ട വിദ്യാസമ്പന്നനും മധ്യവർഗക്കാരനുമായ സിദ്ധാർഥയുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ജോലിക്ക് വേണ്ടി സിദ്ധാർഥ എങ്ങനെ കഷ്‌ടപ്പെടുന്നുവെന്ന് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
ഫോട്ടോ-നെഗറ്റീവ് ഫ്ലാഷ്ബാക്ക് പോലുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ പരീക്ഷിച്ചതിലൂടെ ചിത്രം പ്രശംസ നേടിയിരുന്നു. മികച്ച സംവിധായകനുൾപ്പെടെയുള്ള മൂന്ന് ദേശീയ അവാർഡുകൾ 1971ൽ ചിത്രത്തിന് ലഭിച്ചു. 1971ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡ് ഹ്യൂഗോ അവാർഡിനുള്ള നോമിനേഷനും ചിത്രം നേടി.
കഴിഞ്ഞ വർഷം സത്യജിത് റേയുടെ ജന്മശതാബ്‌ദിയോടനുബന്ധിച്ച്, എൻഎഫ്‌ഡിസി-എൻഎഫ്എഐ അദ്ദേഹത്തിന്‍റെ സിനിമകൾ 4K റെസല്യൂഷനിൽ ഡിജിറ്റലായി പുനസ്സമാഹരിക്കുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിനായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ഉൾപ്പെട്ടതാണ് 'പ്രതിധ്വന്തി'.
റേയുടെ 'കൽക്കട്ട ത്രയത്തിലെ ' ആദ്യത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് എൻഎഫ്‌ഡിസി മാനേജിങ് ഡയറക്‌ടർ രവീന്ദർ ഭകർ പറഞ്ഞു. സീമബദ്ധ (1971), ജന ആരണ്യ (1976) എന്നിവയാണ് റേയുടെ കൽക്കട്ട ത്രയത്തിലെ മറ്റ് ചിത്രങ്ങൾ. മെയ് 17 മുതൽ 28 വരെയാണ് 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുക.