ചെന്നൈ: താന്‍ അറിയാതെ വീട്ടില്‍ നിന്നും പണം മോഷ്‌ടിച്ച വീട്ടുജോലിക്കാരിക്ക് മാപ്പുനല്‍കി മലയാളികളുടെ പ്രിയങ്കരിയായ ചലച്ചിത്ര താരം ശോഭന. താരത്തിന്‍റെ ചെന്നൈയിലുള്ള വസതിയില്‍ നിന്നുമാണ് വീട്ടുജോലിക്കാരിയായ വിജയ 41,000 രൂപ മോഷ്‌ടിച്ചത്. ഇത് കയ്യോടെ പിടികൂടിയതോടെ ഇവര്‍ താരത്തോട് മാപ്പ് പറയുകയായിരുന്നു. ഇതുകേട്ട നടി ശോഭന വിജയയ്‌ക്ക് മാപ്പുനല്‍കി രണ്ടാമതൊരു അവസരം കൂടി നല്‍കുകയായിരുന്നു.
സംഭവം ഇങ്ങനെ: പ്രശസ്‌ത ഭരതനാട്യം കലാകാരിയും പത്മശ്രീ അവാർഡ് ജേതാവുമായ ശോഭന മാതാവിനോടൊപ്പം ചെന്നൈയിലാണ് താമസിച്ചുവരുന്നത്. അങ്ങനെയിരിക്കെയാണ് താരത്തിന്‍റെ അമ്മ ആനന്ദം സൂക്ഷിച്ചുവയ്‌ക്കുന്ന പണം കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രമേണയായി കാണാതാവുന്നതായി ശ്രദ്ധയില്‍പെടുന്നത്. സംഭവത്തില്‍ കിടപ്പുമുറിയില്‍ വരെ സ്വാതന്ത്ര്യമുള്ള വീട്ടുജോലിക്കാരിയെ സംശയിച്ചുവെങ്കിലും ശോഭനയും മാതാവും ഇത് നേരിട്ട് ചോദിച്ചില്ല. പകരം പണം നഷ്‌ടപ്പെട്ടതായി പൊലീസില്‍ വിവരമറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ തേനാംപേട്ടിലുള്ള ശ്രീമാൻ ശ്രീനിവാസ റോഡിലെ താരത്തിന്‍റെ വസതിയിലെത്തി പൊലീസ് അന്വേഷണം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി വീട്ടുജോലിക്കാരി വിജയയെ ചോദ്യം ചെയ്‌തതോടെയാണ് ഇവര്‍ കുറ്റം ഏറ്റുപറയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ താന്‍ താരത്തിന്‍റെ വീട്ടില്‍ നിന്നും അവരറിയാതെ പണം തട്ടിയതായും വിജയ പൊലീസിനോട് കുറ്റസമ്മതം നടത്തി.
മാപ്പുനല്‍കി താരം: വിജയയാണ് പണം തട്ടിയതെന്ന് മനസിലായതോടെ തന്നെ ശോഭന പരാതി പിന്‍വലിക്കാന്‍ തയ്യാറായിരുന്നു. കൂട്ടത്തില്‍ വിജയ താരത്തോടും താരത്തിന്‍റെ അമ്മയോടും മാപ്പ് പറയുകയും ചെയ്‌തതോടെ ശോഭന പരാതി പിന്‍വലിക്കുകയായിരുന്നു. മാത്രമല്ല ഇത്രയും കാലം തങ്ങളുടെ വീട്ടുജോലികളില്‍ സഹായിച്ച ഇവര്‍ക്ക് തുടര്‍ന്നൊരു അവസരം കൂടി നല്‍കാനും ഇവര്‍ തീരുമാനിച്ചു. എന്നാല്‍ പലപ്പോഴായി ഇവരറിയാതെ തട്ടിയ പണം ഇവരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചെടുക്കാനും ഇവര്‍ക്കിടയില്‍ ധാരണയായി.
മോഷണം മുമ്പും: അടുത്തിടെ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന്‍റെ മകളും ചലച്ചിത്ര നിർമാതാവുമായ ഐശ്വര്യ രജനികാന്തിന്‍റെ ചെന്നൈയിലെ വീട്ടിൽ നിന്നും സമാനമായ രീതിയില്‍ ആഭരണങ്ങള്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഐശ്വര്യയുടെ വീട്ടുജോലിക്കാരി ഈശ്വരിയെയും കാർ ഡ്രൈവർ വെങ്കിടേഷിനെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളം കുടുംബം പുലര്‍ത്തുന്നതിന് മതിയാവാതെ വന്നതിനാലാണ് മോഷ്‌ടിച്ചത് എന്നായിരുന്നു ഈശ്വരി പൊലീസിനോട് പറഞ്ഞത്.
മാത്രമല്ല അറസ്‌റ്റിലായ ഈശ്വരിയിൽ നിന്നും പൊലീസ് 100 പവൻ സ്വർണാഭരണങ്ങളും 30 ഗ്രാം വജ്രാഭരണങ്ങളും നാല് കിലോഗ്രാം വെള്ളിയുടെ ആഭരണങ്ങളും പുതുതായി വാങ്ങിയ വീടിന്‍റെ രേഖകളും പിടിച്ചെടുത്തിരുന്നു. മോഷ്‌ടിച്ച ആഭരണങ്ങൾ ഇവരില്‍ നിന്നും വാങ്ങിയത് മൈലാപ്പൂർ സ്വദേശി വിനലക് ശങ്കര്‍ നവലിയാണെന്നും കേസന്വേഷിക്കുന്ന തേനാംപേട്ട് പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടിയെന്നും ഇയാളില്‍ നിന്ന് 340 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. ഇതുകൂടാതെ അറസ്‌റ്റിലായ ഈശ്വരി ഡ്രൈവര്‍ വെങ്കിടേഷിന് ഒമ്പത് ലക്ഷം രൂപ നൽകിയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു.