എറണാകുളം : മിമിക്രി കലാകാരനും ചലച്ചിത്ര നടനുമായ കലാഭവൻ ഹനീഫിന്‍റെ വിയോഗത്തില്‍ പ്രതികരിച്ച് സഹപ്രവര്‍ത്തകരായ വിഷ്‌ണു ഉണ്ണി കൃഷ്‌ണനും പ്രശാന്ത് കാഞ്ഞിരമറ്റവും. അദ്ദേഹത്തിന്‍റെ മരണം താങ്ങാനാവുന്നതല്ലെന്നും ജ്യേഷ്‌ഠ സഹോദരനെയാണ് നഷ്‌ടപ്പെട്ടതെന്നും ഇരുവരും ഇടിവി ഭാരതിനോട് പ്രതികരിച്ചു.
ഹനീഫ് ഇക്കയുമായി ഉണ്ടായിരുന്നത് അടുത്ത സൗഹൃദബന്ധം : നല്ല ഹാസ്യബോധവും നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു അന്തരിച്ച കലാകാരൻ കലാഭവൻ ഹനീഫെന്ന് നടന്‍ വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ പ്രതികരിച്ചു. താന്‍ നായകനായി അഭിനയിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനിലെ അദ്ദേഹത്തിന്‍റെ വേഷം ഇപ്പോഴും ജനഹൃദയങ്ങളിലുണ്ടെന്നും വിഷ്‌ണു അഭിപ്രായപ്പെട്ടു. താനും, ബിപിന്‍ ജോര്‍ജും ചേര്‍ന്ന് തിരക്കഥ എഴുതിയ അമർ അക്ബർ അന്തോണിയിലെ ആദ്യരംഗം ചിത്രീകരിച്ചത് കലാഭവൻ ഹനീഫിനെ വച്ചായിരുന്നു. തുടർന്ന് തന്‍റെ എല്ലാ സിനിമകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും ഹനീഫ് ഇക്കയുമായി വളരെ അടുത്ത സൗഹൃദബന്ധമാണ് ഉണ്ടായിരുന്നതെന്നും താരം പറഞ്ഞു.
അന്തരിച്ച വിവരം ഇപ്പോഴാണ് അറിയുവാൻ സാധിച്ചത്. സിനിമയുടെ ചിത്രീകരണവേള ആയതിനാൽ ഉടനെ എറണാകുളത്തേക്ക് പുറപ്പെടാൻ സാധിച്ചില്ലെന്നും വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു.
കലാഭവൻ ഹനീഫിന്‍റെ വിയോഗം താങ്ങാനാകുന്നതല്ലെന്ന് നടന്‍ പ്രശാന്ത് കാഞ്ഞിരമറ്റവും പ്രതികരിച്ചു. വേൾഡ് ഓഫ് കൗണ്ടർ എന്ന പേരിൽ ഹനീഫ് ഉൾപ്പെടുന്ന ഒരു കൂട്ടായ്‌മയുണ്ട്. കലാഭവൻ ഷാജോൺ, നാദിർഷ, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് പ്രസാദ് തുടങ്ങിയവരാണ് കൂട്ടായ്‌മയിലെ മറ്റ് പ്രമുഖർ. ഇതിലൂടെ നിരവധി സഹായ പ്രവർത്തനങ്ങൾ ഹനീഫ് ചെയ്‌ത് പോന്നിരുന്നതായി പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു.
ഇത്ര വേഗത്തില്‍ വിട്ടുപോകുമെന്ന് കരുതിയില്ല : വളരെയധികം ആക്‌റ്റീവായ വ്യക്തിത്വമായിരുന്നു ഹനീഫ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായ ചില പ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. 15 ദിവസമായി നിർത്താതെയുള്ള ചുമയുമുണ്ടായിരുന്നു. പക്ഷേ ഇത്രയും പെട്ടെന്ന് നമ്മളെയൊക്കെ വിട്ടുപോകുമെന്ന് കരുതിയില്ല - പ്രശാന്ത് ഇടിവി ഭാരതിനോട് പ്രതികരിച്ചു.
നിരവധി കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ കലാഭവൻ ഹനീഫിനോടൊപ്പം പ്രവർത്തിച്ച വ്യക്തിയാണ് പ്രശാന്ത് കാഞ്ഞിരമറ്റം. കലാഭവൻ ഹനീഫിനോടൊപ്പം നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് ശ്രീ കലാഭവൻ ഹനീഫ്.
Also Read: മിമിക്രി കലാകാരനും നടനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു
എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ഹോസ്‌പിറ്റലില്‍ വച്ചാണ് കലാഭവന്‍ ഹനീഫിന്‍റെ അന്ത്യം സംഭവിച്ചത്. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്‌ച മട്ടാഞ്ചേരിയിൽ നടക്കും.