ഹൈദരാബാദ്: ബോളിവുഡിന്‍റെ പ്രിയ താരം വിക്കി കൗശൽ നായകനായെത്തിയ പുതിയ ചിത്രമാണ് 'സാം ബഹാദുര്‍'. ഇന്ത്യൻ കരസേനയുടെ ഫീൽഡ് മാർഷലായ ആദ്യ വ്യക്തി സാം മനേക് ഷായുടെ ജീവിതം പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സാം മനേക് ഷാ ആയി വേഷമിട്ട വിക്കി കൗശലിന്‍റെ പ്രകടനം കയ്യടി നേടുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
രൺബീർ കപൂർ നായകനായ സന്ദീപ് വാംഗ ചിത്രം 'ആനിമൽ' ആണ് 'സാം ബഹാദുറി'ന്‍റെ ബോക്‌സ് ഓഫിസിലെ പ്രധാന എതിരാളി. 'ആനിമൽ' റിലീസിനെ തുടർന്ന് ബോക്‌സ് ഓഫിസിൽ മന്ദഗതിയിലാണ് 'സാം ബഹാദുർ' യാത്ര ആരംഭിച്ചത്. 'ആനിമൽ' തരംഗത്തിനിടയിലും ശനിയാഴ്‌ച ചിത്രം 6.75 കോടി രൂപ നേടി.
ഇതോടെ 'സാം ബഹാദുറി'ന്‍റെ മൊത്തം ആഭ്യന്തര വരുമാനം 49.05 കോടി രൂപയിലെത്തി എന്നാണ് ഇൻഡസ്‌ട്രി ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്‌നിൽക്കിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 'സാം ബഹാദുറി'ന്‍റെ ആദ്യ ദിവസത്തെ കലക്ഷൻ 6.25 കോടി ആയിരുന്നു. ഡിസംബർ 2 ശനിയാഴ്‌ച ചിത്രം 9 കോടിയും ഞായറാഴ്‌ച 10.03 കോടിയും നേടി. പിന്നാലെ ബോക്‌സ് ഓഫിസിൽ മങ്ങിയ പ്രകടനമാണ് ചിത്രത്തിന് കാഴ്‌ചവയ്‌ക്കാനായത്. ഡിസംബർ 9ന് വീണ്ടും 6.75 കോടി നേട്ടത്തിലേക്കെത്താൻ 'സാം ബഹാദുറി'നായി.
ആഗോളതലത്തിൽ 53.8 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. നിരൂപകരിൽ നിന്നടക്കം മികച്ച പ്രതികരണം ചിത്രം നേടുന്നുണ്ടെങ്കിലും, രൺബീർ കപൂറിന്‍റെ 'ആനിമൽ' റിലീസാണ് 'സാം ബഹാദുറി'ന് തിരിച്ചടിയായത്. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്‌ത ക്രൈം ത്രില്ലർ 'ആനിമൽ' ആഗോളതലത്തിൽ ഇതിനോടകം 563.03 കോടി നേടിക്കഴിഞ്ഞു.
അതേസമയം മേഘ്‌ന ഗുൽസാറാണ് 'സാം ബഹാദുർ' സിനിമയുടെ സംവിധായിക. യഥാർഥ സംഭവങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രം 1971ൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായിരുന്ന സാം മനേക് ഷായുടെ ജീവിതമാണ് വരച്ചുകാട്ടുന്നത്. ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയ 'റാസി'ക്ക് ശേഷം മേഘ്‌ന ഗുല്‍സാറുമായി വിക്കി കൗശല്‍ വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഇത്.
തന്‍റെ സിനിമയോട് സ്‌നേഹം ചൊരിഞ്ഞ ആരാധകരോട് വിക്കി അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച സൈനികനായി ഇന്നും കണക്കാക്കപ്പെടുന്ന ഫീൽഡ് മാർഷൽ സാം മനേക് ഷായായി വേഷമിടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
സാന്യ മല്‍ഹോത്രയാണ് ഈ ചിത്രത്തിലെ നായിക. ഫാത്തിമ സന ഷെയ്‌ഖും പ്രധാന വേഷത്തിലുണ്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് ഫാത്തിമ സന വേഷമിട്ടത്. ജസ്‌കരൻ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‍കോവ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്.
READ ALSO: 'ബഠ്‍തേ ചലോ'; വിക്കി കൗശലിന്‍റെ 'സാം ബഹാദുറി'ലെ ആദ്യ ഗാനമെത്തി