കാഴ്‌ചയുടെ പരിമിതികളെ മറികടന്ന് സംഗീത ലോകത്ത് തന്‍റേതായൊരിടം ഉറപ്പാക്കിയ മലയാളികളുടെ സ്വന്തം ഗായികയാണ് വൈക്കം വിജയലക്ഷ്‌മി. 'സെല്ലുലോയ്ഡ്', 'വടക്കന്‍ സെല്‍ഫി' തുടങ്ങിയ സിനിമകളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ പതിഞ്ഞ ശബ്‌ദമാണ് വൈക്കം വിജയലക്ഷ്‌മിയുടേത്. തമിഴകത്തും സജീവമാണ് വിജയലക്ഷ്‌മി.
എന്നാല്‍ വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് വിജയലക്ഷ്‌മിക്ക്. വിവാഹ ബന്ധം പരാജയപ്പെട്ടതായിരുന്നു നേരിട്ട പ്രതിസന്ധികളില്‍ ഒന്ന്. മിമിക്രി ആര്‍ട്ടിസ്‌റ്റ് എന്‍ അനൂപായിരുന്നു മുന്‍ ഭര്‍ത്താവ്. 2018ല്‍ വിവാഹിതരായ ഇവര്‍ 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. തന്‍റെ വിവാഹ മോചനത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്‌മി.
ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ നടി ഗൗതമിയോടായിരുന്നു വിജയലക്ഷ്‌മി മനസ്സ് തുറന്നത്. 'സ്‌നേഹം എന്നാല്‍ ആത്മാര്‍ഥമായിരിക്കണം. മുന്‍ ഭര്‍ത്താവ് സംഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് ചെയ്‌താലും അദ്ദേഹം നെഗറ്റീവായാണ് പറയുക. കൈ കാട്ടുന്നത്, താളം പിടിക്കുന്നത് ഒന്നും ഇഷ്‌ടമായിരുന്നില്ല. ഇത്ര മണിക്കൂര്‍ പാടാം, അതിന് ശേഷം പാടാന്‍ പറ്റില്ലെന്ന് പറയും.
ഒരു സാഡിസ്‌റ്റായിരുന്നു. കരയാനേ നേരമുണ്ടായിരുന്നുള്ളൂ. എന്‍റെ അച്ഛനെയും അമ്മയെയും എന്നില്‍ നിന്നും പിരിക്കാന്‍ നോക്കി. അതൊന്നും താങ്ങാന്‍ പറ്റിയിരുന്നില്ല. എന്‍റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. അങ്ങനെ ഞാനാണ് പിരിയാമെന്ന് തീരുമാനിച്ചത്. എനിക്കെന്താണ് തോന്നുന്നത്. അതനുസരിച്ച് ചെയ്യാനാണ് അച്ഛനും അമ്മയും പറഞ്ഞത്. നിങ്ങളുടെ കൂടെ കഴിയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ആ തീരുമാനം ഞാനെടുത്തതായിരുന്നു. ആരും എന്നോട് പറഞ്ഞതല്ല.
എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ല. സംഗീതത്തിനാണ് പ്രാധാന്യം. സംഗീതവും സന്തോഷവും. അതില്ലാത്തിടത്ത് സഹിച്ച് ജിവിക്കേണ്ട കാര്യമില്ല. അത് വിടണം. ഒരു പല്ലിന് കേടുവന്നാല്‍ ഒരളവുവരെ സഹിക്കുമല്ലോ. വേദന തീരെ സഹിക്കാന്‍ പറ്റാതാവുമ്പോള്‍ പറിച്ചുകളഞ്ഞല്ലേ പറ്റൂ.
മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതേണ്ട. ജീവിതം നമ്മുടെയാണല്ലോ. കുറച്ച് അഡ്‌ജസ്‌റ്റ് ചെയ്യൂവെന്ന് അമ്മ പറയുമായിരുന്നു. എനിക്ക് പറ്റുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ കൈയിലാണ് - വൈക്കം വിജയലക്ഷ്‌മി പറഞ്ഞു. ഗായികയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.