ഹൈദരാബാദ്: ബോളിവുഡിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് ടൈഗർ ഷ്റോഫ്. അഭിനയം കൊണ്ട് മാത്രമല്ല ത്രസിപ്പിക്കുന്ന തന്‍റെ നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുക്കാറുണ്ട് താരം. അത്തരത്തില്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്‌ചവയ്‌ക്കുന്ന അദ്ദേഹത്തിന്‍റെ ഒരു വീഡിയോയാണ് സൈബറിടം ഇപ്പോൾ ഭരിക്കുന്നത്.
തന്‍റെ ഡാൻസ് മാസ്റ്റർ പരേഷ് പ്രഭാകർ ശിരോദ്‌കറിനൊപ്പം താരം ചുവടുവയ്‌ക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരം തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 'ഗിവ് ഇറ്റ് റ്റു മീ ബേബി' എന്ന പാട്ടിന്‍റെ താളത്തിനൊപ്പം ചടുലമായ ചുവടുകളിലൂടെ കണികളുടെ ഹൃദയം കവരുകയാണ് ടൈഗർ.
റിക്ക് ജെയിംസിന്‍റെ ഗാനത്തില്‍ മതിമറന്നാടുന്ന താരം 'ഗുരുവിനൊപ്പം' എന്ന് കുറിച്ചുകൊണ്ടാണ് ഡാൻസ് വീഡിയോ പങ്കിട്ടത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തിന് അഭിനന്ദനവുമായി കമന്‍റ് ബോക്‌സിലേക്ക് ഒഴുകിയെത്തുകയാണ് ആരാധകർ. താരം പതിവ് തെറ്റിച്ചില്ലെന്നും നൃത്തം അതിമനോഹരമായെന്നും തുടങ്ങി തങ്ങളുടെ സ്‌നേഹം കമന്‍റ് രൂപേണ അറിയിക്കുകയാണ് ആരാധകർ.
ഫിറ്റ്നസിലും അതീവ ശ്രദ്ധ ചെലുത്തുന്ന ആൾ കൂടിയാണ് ടൈഗർ. തന്‍റെ ഫിറ്റ്‌നസ് വീഡിയോകൾ പങ്കുവയ്ക്കാനും താരം മറക്കാറില്ല. അതേസമയം ആക്ഷൻ-ത്രില്ലർ ചിത്രമായ 'ഗണപത്-ഒന്നാം ഭാഗമാ'ണ് താരത്തിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഒരു ചിത്രം.
തന്‍റെ നഗരത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്ന ക്രിമിനൽ സംഘത്തോട് പോരാടുന്ന 'വിജിലന്‍റ് ഗണപതി'യെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. ഇരുട്ടിൽ ജീവിക്കുന്ന അടിച്ചമർത്തപ്പെട്ട ഒരുകൂട്ടം ആളുകൾക്കിടയില്‍ പ്രത്യാശയുടെ പ്രതീകമായി മാറുന്ന നായകനായാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. 150 കോടി രൂപ ബജറ്റിലാണ് ഗണപത് ഭാഗം 1 നിർമിക്കുന്നത്.
കൃതി സനോൺ ആണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2014 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക്-ആക്ഷൻ ചിത്രം 'ഹീറോപന്തി'ക്ക് ശേഷം ടൈഗർ ഷ്റോഫും കൃതി സനോണും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഗണപത്'. ഹിന്ദിയ്‌ക്ക് പുറമെ തെലുഗു, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
കൂടാതെ, അക്ഷയ് കുമാറിനൊപ്പം 'ബഡേ മിയാൻ ചോട്ടെ മിയാൻ' എന്ന ചിത്രത്തിലും ടൈഗർ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇവർക്ക് പുറമെ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താനും 'ബഡേ മിയാൻ ചോട്ടേ മിയാ'ന്‍റെ ഭാഗമാകുന്നതായി പൃഥ്വിരാജ് അറിയിച്ചത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടാണ് താരം സിനിമ വിശേഷം പങ്കുവച്ചത്.
കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി ജാൻവി കപൂർ ആണ് ചിത്രത്തില്‍ നായിക. അതേസമയം കശ്‌മീർ തീവ്രവാദത്തെ ആസ്‌പദമാക്കിയുള്ള ചിത്രവും ബോളിവുഡില്‍ പൃഥ്വിരാജിന്‍റെതായി ഒരുങ്ങുന്നുണ്ട്.
കജോളാണ് ഈ കരൺ ജോഹർ ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ നടൻ സെയ്‌ഫ് അലി ഖാന്‍റെ മകൻ ഇബ്രാഹിം ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്‍റെ ആദ്യ സിനിമയാണിത്. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമിത് തൃവേദി സംവിധാനം ചെയ്‌ത 'അയ്യ', അതുൽ സബർവാൾ ഒരുക്കിയ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം നിർവഹിച്ച 'നാം ശബാന' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലാണ് പൃഥ്വിരാജ് നേരത്തെ അഭിനയിച്ചിട്ടുള്ളത്.
ALSO READ: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; കരൺ ജോഹർ ചിത്രത്തില്‍ കാജോളും ഇബ്രാഹിമും