ആകാംഷകള്‍ക്കൊടുവില്‍ ദളപതി വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്ത്. ഒരു ടൈറ്റില്‍ റിവീല്‍ പ്രൊമോ വീഡിയോയിലൂടെയാണ് സൂപ്പര്‍താര ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. മാസ്റ്ററിന് ശേഷമുളള വിജയ് ലോകേഷ് ചിത്രത്തിന് ലിയോ എന്നാണ് ടൈറ്റില്‍.
ബ്ലഡി സ്വീറ്റ് എന്നാണ് വിജയ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. 2.48 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആണ് ലിയോയുടെതായി പുറത്തുവന്നത്. ഒരു ആക്ഷന്‍ പാക്ക്‌ഡ് ചിത്രമാണ് ഹിറ്റ് കൂട്ടുകെട്ടില്‍ പുതിയതായി ഒരുങ്ങുന്നതെന്ന എല്ലാ സൂചനകളും ടൈറ്റില്‍ പ്രൊമോ നല്‍കുന്നു.
സംവിധാനത്തിന് പുറമെ ലോകേഷ് കനകരാജ് തന്നെയാണ് സിനിമയുടെ രചന. കഴിഞ്ഞ ദിവസങ്ങളിലായാണ് വിജയ് ചിത്രത്തിലെ താരനിരയെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്. ബോളിവുഡ് സൂപ്പര്‍താരം സഞ്‌ജയ് ദത്താണ് വിജയ്‌ക്ക് വില്ലനായി എത്തുക. 14 വര്‍ഷത്തിന് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വീണ്ടും വിജയ്‌യുടെ നായികയായി എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ലിയോയ്‌ക്ക്.
- " class="align-text-top noRightClick twitterSection" data="">
ഇവര്‍ക്ക് പുറമെ ആക്ഷന്‍ കിങ് അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, സംവിധായകരായ ഗൗതം വാസുദേവ മേനോന്‍, മിഷ്‌കിന്‍, മലയാളി താരം മാത്യൂ തോമസ്, സാന്‍ഡി, പ്രിയ ആനന്ദ് തുടങ്ങിയവരും സിനിമയില്‍ പ്രധാന റോളുകളില്‍ എത്തും. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസിന്‍റെ ബാനറില്‍ എച്ച് എസ് ലളിതാണ് നിര്‍മാണം. ജഗദീഷ് പളനി സാമിയാണ് സഹനിര്‍മാതാവ്.
അനിരുദ്ധ് രവിചന്ദര്‍ പാട്ടുകളൊരുക്കുന്ന ചിത്രത്തിന് മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അന്‍ബറിവാണ് ആക്ഷന്‍ കൊറിയോഗ്രാഫി. തമിഴിന് പുറമെ തെലുഗു, കന്നഡ. ഹിന്ദി ഭാഷകളിലും വിജയ് ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. 2023 ഒക്‌ടോബര്‍ 19നാണ് ലിയോ ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുക.