ചെന്നൈ : തമിഴ് ചലച്ചിത്ര നടൻ ആര്‍കെ എന്ന രാധാകൃഷ്‌ണന്‍റെ നന്ദമ്പാക്കം ഡിഫൻസ് കോളനിയിലെ വീട്ടിൽ നടന്ന കവര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നവംബര്‍ 11ന് 250 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും കവര്‍ന്ന സംഭവത്തിന് പിന്നില്‍ നടന്‍റെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നേപ്പാൾ സ്വദേശിയായ രമേശന്‍റെ പങ്ക് വ്യക്തമായിരുന്നു. ഇയാള്‍ക്കും കൂട്ടാളിയ്ക്കും വേണ്ടിയാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്.
യുവതി വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ അതിക്രമിച്ചെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ കൈകാലുകൾ കെട്ടിയിടുകയും വായ പ്ലാസ്റ്ററുകൊണ്ട് ഒട്ടിച്ചുവയ്‌ക്കുകയും ചെയ്‌തു. ആഭരണങ്ങളും പണവും മോഷ്‌ടിച്ച സംഘം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ടു. സമീപവാസികളാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സെക്യൂരിറ്റിയുടെയും കൂട്ടാളിയുടെയും പങ്ക് വ്യക്തമായത്. നന്ദമ്പാക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. വിരലടയാള വിദഗ്‌ധരും പൊലീസ് നായകളും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനിലുമടക്കം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.