തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിലാണ് സൂര്യ നായകനായി എത്തുന്ന 'കങ്കുവ'. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകരുടെ ഒരു തകർപ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം. 38 ഭാഷകളിൽ ആഗോള റിലീസുമായി ചരിത്രം സൃഷ്‌ടിക്കാൻ ഒരുങ്ങുകയാണ് 'കങ്കുവ'.
3ഡി, ഐമാക്‌സ് ഫോർമാറ്റുകളിലും ഈ ചിത്രം പുറത്തിറങ്ങും. നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ വിപണനവും വിതരണവും പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, അതുവഴി സമാനതകളില്ലാത്ത ബോക്‌സ് ഓഫിസ് വിജയത്തിലേക്കും തമിഴ് സിനിമയ്‌ക്ക് വിശാലമായ അന്താരാഷ്‌ട്ര പ്രവേശനത്തിലേക്ക് കൂടി വാതിലുകൾ തുറക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് കെ ഇ ജ്ഞാനവേൽ രാജ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ് ചലച്ചിത്ര രംഗം ഇതുവരെ കടക്കാത്ത നിരവധി അതിർത്തികൾ ഭേദിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം വിചാരിച്ചത് പോലെ നടന്നാൽ, 'കങ്കുവ' വാണിജ്യപരമായി അഭൂതപൂർവമായ നേട്ടം കൊയ്യുകയും അത് തമിഴ് സിനിമയ്‌ക്ക് മുന്നിൽ പുതിയ വാതായനങ്ങൾ തുറക്കുമെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.
'കങ്കുവ'യുടെ ആദ്യ അധ്യായം 2024 വേനലവധിയ്‌ക്ക് പ്രേക്ഷകർക്കരികിലേക്കെത്തും. ഇതുവരെയായി പുറത്തുവന്ന 'കങ്കുവ'യുടെ പ്രൊമോകളും പോസ്റ്ററുകളും സൂര്യ ആരാധകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. വിഎഫ്‌ക്‌സ്, സിജിഐ (VFX, CGI) എന്നിവയ്‌ക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത്. തിരശീലയിൽ 'കങ്കുവ' അത്ഭുതങ്ങൾ സൃഷ്‌ടിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
'കങ്കുവ'യിൽ ബോളിവുഡ് താരം ദിഷ പടാനിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെട്രി പളനിസാമിയാണ് 'കങ്കുവ'യുടെ ഛായാഗ്രാഹകൻ. ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദാണ്. നിഷാദ് യൂസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു.
ആദി നാരായണയാണ് തിരക്കഥ ഒരുക്കിയത്. സംഭാഷണമെഴുതുന്നത് മദൻ കർക്കിയാണ്. വിവേക, മദൻ കർക്കി എന്നിവരാണ് ഗാനരചന. സംഘട്ടന സംവിധാനം നിർവഹിക്കുന്നത് സുപ്രീം സുന്ദറാണ്. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയത് ആമസോണ്‍ പ്രൈം വീഡിയോ ആണ്.
അതേസമയം സൂര്യയുടെ കരിയറിലെ 42-ാമത്തെ ചിത്രമാണ് പീരിയോഡിക് ത്രീഡി ചിത്രമായ 'കങ്കുവ'. താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണിത്. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി പ്രമോദും സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേർന്നാണ് ഏകദേശം 350 കോടി ബജറ്റിലുള്ള ചിത്രത്തിന്‍റെ നിർമാണം.
ദീപാവലിയോടനുബന്ധിച്ച് നവംബർ 12-ന് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. കയ്യിൽ തീപ്പന്തവുമേന്തി നിൽക്കുന്ന കങ്കുവയാണ് പോസ്റ്ററിൽ. പിന്നിൽ പ്രത്യേകതരം വാദ്യങ്ങളുമായി നിറയെ ആളുകളെയും കാണാം. 'പുരാതനകാലത്തെ പ്രതാപത്തിന്‍റെ വിളക്കുകൾ കൊണ്ട് നിങ്ങളുടെ ദീപാവലിയ്‌ക്ക് പ്രകാശം ചൊരിയുന്നു' എന്ന കാപ്‌ഷനോടെയാണ് ദീപാവലി ദിനത്തിൽ പുതിയ പോസ്റ്റർ എത്തിയത്. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.
READ MORE: വാദ്യഘോഷങ്ങൾക്ക് നടുവിൽ തീപ്പന്തമേന്തിയ 'കങ്കുവ'; പുതിയ പോസ്റ്റർ പുറത്ത്