സണ്ണി വെയ്‌നും (Sunny Wayne) സൈജു കുറുപ്പും (Saiju Kurup) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' (Written and Directed by God) ചിത്രത്തിന് തുടക്കമായി. നവാഗതനായ ഫെബി ജോർജ് സ്റ്റോൺഫീൽഡ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ അപർണ ദാസും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമം തൊടുപുഴയില്‍ വച്ച് നടന്നു.
ടൈറ്റിലിലും പുതുമയുമായി എത്തുന്ന 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' നെട്ടൂരാൻ ഫിലിംസിന്‍റെ ബാനറിൽ സനൂബ് കെ യൂസഫ് ആണ് നിർമിക്കുന്നത്. തോമസ് ജോസ് മാർക്‌സ്റ്റോൺ ആണ് സഹനിർമാണം. ‘റോയി’ എന്ന ചിത്രത്തിന് ശേഷം സനൂബ് കെ യൂസഫ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്'.
ചലച്ചിത്ര താരങ്ങളായ നിവിൻ പോളി, ആസിഫ് അലി, മഞ്ജു വാര്യർ, സൂരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ്, നമിത പ്രമോദ്, അനിഖ സുരേന്ദ്രൻ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നേരത്തെ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തത്.
- " class="align-text-top noRightClick twitterSection" data="">
ജോമോൻ ജോണ്‍, ലിന്‍റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്' ചിത്രത്തിന്‍റെ തിരക്കഥ രചിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ പ്രമേയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ഷാൻ റഹ്‍മാനാണ് 'റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ബബ്‍ലു അജു ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് അഭിഷേക് കൈകാര്യം ചെയ്യുന്നു. ജാവേദ് ചെമ്പ് ആണ് കൺട്രോളർ.
അതേസമയം സൈജു കുറുപ്പ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. നവാഗതനായ സിന്‍റോ സണ്ണിയാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ജിബു ജേക്കബിനൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് സിന്‍റോ സണ്ണി സ്വതന്ത്ര സംവിധായകനാകാൻ എത്തുന്നത്.
ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് 'പാപ്പച്ചൻ ഒളിവിലാണ്' ഒരുക്കിയിരിക്കുന്നത്. തികഞ്ഞ ഫാമിലി കോമഡി ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. ദർശനയാണ് ചിത്രത്തിലെ നായികയായി എത്തുക.
ജഗദീഷ്, ജോണി ആന്‍റണി, കോട്ടയം നസീർ, ശ്രിന്ദ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം 'കടത്തൽക്കാരൻ' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമിക്കുന്നത്.
'അഭ്യൂഹം' വരുന്നു: അജ്‌മൽ അമീർ (Ajmal Ameer), രാഹുൽ മാധവ് (Rahul Madhav) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം 'അഭ്യൂഹം' (Abhyooham) ജൂലൈയിൽ ലോകമെമ്പാടും റിലീസിനെത്തും. നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സിനിമയിൽ ജാഫർ ഇടുക്കി (Jaffer Idukki) യും പ്രധാന വേഷത്തിലുണ്ട്.
മിസ്റ്ററി ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'അഭ്യൂഹം'. കുറ്റവാളിയായി ജയിലിൽ കഴിയുന്ന പിതാവിന്‍റെ നിരപരാധിത്വം തെളിയിക്കാൻ മകൻ നടത്തുന്ന ശ്രമങ്ങളും ഇതിനിടെ ഉണ്ടാകുന്ന ചില കണ്ടെത്തലുകളുടെ ചുരുളഴിക്കുന്നതുമാണ് ഈ സസ്‌പെൻസ് ത്രില്ലറിന് ആധാരം.
സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഏറെ കൗതുകം ഉണർത്തുന്നതാണ് പോസ്റ്റർ. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാകും അജ്‌മൽ അമീർ സിനിമയിൽ പ്രത്യക്ഷപ്പെടുക എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റർ.
READ MORE: Abhyooham Movie| അജ്‌മൽ അമീർ, രാഹുൽ മാധവ് കൈകോർക്കുന്ന 'അഭ്യൂഹം'; റിലീസ് ജൂലൈയിൽ