എറണാകുളം : ഞാൻ എസ്.പി.വി, അദ്ദേഹം എസ്.പി.ബി ഇങ്ങനെ പ്രതികരിച്ചുകൊണ്ടാണ് ഇ ടി വി ഭാരതിനോട് എസ് പി വെങ്കിടേഷ് സംസാരിച്ചുതുടങ്ങിയത് (SP Venkatesh shared memories of SP Balasubrahmanyam). മലയാളത്തിലും തമിഴിലും കന്നടയിലും ആയി 150 ഓളം ഗാനങ്ങളാണ് എസ് പി വെങ്കിടേഷിന്‍റെ സംഗീതത്തിൽ എസ് പി ബി പാടിയിട്ടുള്ളത്. 'നല്ലൊരു സുഹൃത്ത്, നല്ല മനുഷ്യൻ, അദ്ദേഹത്തിന്‍റെ മരണം എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ ആയിട്ടില്ല. നൂറിലധികം ഗാനങ്ങളാണ് എന്‍റെ സംഗീതസംവിധാനത്തിൽ എസ് പി ബി പാടിയിട്ടുള്ളത്.
ബാംഗ്ലൂരിലേക്കുള്ള യാത്രകൾ പലപ്പോഴും ഒരുമിച്ചായിരുന്നു. ധാരാളം സംസാരിക്കുന്ന ഒരു മനുഷ്യൻ. പൊതുവേ ഒരു സംഗീതസംവിധായകന്‍റെ കൃത്യനിർവഹണത്തിൽ അദ്ദേഹം ഇടപെടാറില്ല. സംഗീതസംവിധായകൻ എന്ത് പറയുന്നു, അത് അദ്ദേഹം കേൾക്കും, പാടും. പാടിയശേഷം കൺസോളിൽ വന്ന് അതൊന്ന് ശ്രവിക്കും. പിന്നെ അടുത്ത ഗാനത്തിന്‍റെ ലോകത്തേക്ക്. മലയാളത്തിൽ എന്‍റെ സംഗീത സംവിധാനത്തിൽ എസ് പി ബി പാടിയ ഗാന്ധർവ്വം സിനിമയിലെ ഗാനവും, കിലുക്കത്തിലെ ഊട്ടിപട്ടണവും കേരളത്തിൽ വലിയ തരംഗം സൃഷ്‌ടിച്ചിരുന്നു.
ഗാന്ധർവ്വം സിനിമയിലെ നെഞ്ചിൽ കഞ്ചബാണം എന്ന ഗാനം സംവിധായകന്‍റെ നിർദ്ദേശപ്രകാരമാണ് എസ് പി ബി യിലേക്ക് എത്തുന്നത്. അക്കാലത്തെ ഏറ്റവും വലിയ പരീക്ഷണ ചിത്രങ്ങളിൽ ഒന്നായിരുന്നു ഗാന്ധർവ്വം. ചിത്രത്തിന്‍റെ മേക്കിങ് പോലെ തന്നെ ഗാനങ്ങൾക്കും ഒരു വെസ്റ്റേൺ സ്റ്റൈൽ സംവിധായകന് നിർബന്ധമായിരുന്നു. വെസ്റ്റേൺ സ്റ്റൈൽ അത്രയും പഞ്ചോട് കൂടി പാടാൻ എസ് പി ബി അല്ലാതെ മറ്റാരും തന്നെ ഇല്ല. എസ് പി ബിയെ പോലെ ഒരു പാട്ടുകാരനെ ഞാനിതുവരെ ജീവിതത്തിൽ കണ്ടിട്ടില്ല' - എസ് പി വെങ്കിടേഷ് പറയുന്നു. ഗായകൻ മനോയുടെ ശബ്‌ദവും എസ് പി ബിയുടെ ശബ്‌ദവും വളരെയധികം സാമ്യം ഉള്ളതല്ലേ എന്ന് ചോദ്യത്തിന് എസ് പി വെങ്കിടേഷ് ഒന്ന് ചിരിച്ചു. 'ശബ്‌ദം ഒരുപോലെ ആണെന്ന് കരുതി രണ്ടുപേരുടെയും സ്റ്റൈൽ വ്യത്യസ്‌തമാണ്. എസ്‌പിബിയുടെ സ്റ്റൈലും ഗ്രേസും മറ്റാർക്കും തന്നെ ആർജിച്ചെടുക്കാൻ ആവില്ല.
ജീവിതത്തിൽ വലിയ ഗായകൻ എന്ന രീതിയിലുള്ള ചിട്ടകൾ ഒന്നുമില്ലാത്ത വ്യക്തിയായിരുന്നു എസ് പി ബി. ഐസ്ക്രീം ഒക്കെ ധാരാളം കഴിക്കും. അതും നട്ടപ്പാതിര ആയാൽ അദ്ദേഹത്തിന് ഐസ്ക്രീം കഴിക്കാതെ ഇരിക്കാൻ ആകില്ല. എസ് പി ബി നിങ്ങൾ ഒരു ഗായകനല്ലേ?, ഇങ്ങനെയൊക്കെ ഐസ്ക്രീം കഴിക്കാമോ എന്ന് ചോദിച്ചാൽ അത് പറവായില്ലേ പുടിച്ചത് നാൻ സാപ്പിടുവേൻ, എന്നൊക്കെ പറഞ്ഞ് നിസ്സാരവൽക്കരിച്ചുകളയും' - എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമ്പോഴും എസ് പി ബി ഒരു നല്ല മനുഷ്യനാണെന്ന് എസ് പി വെങ്കിടേഷ് ആവർത്തിക്കുന്നു.
'എല്ലാ ഭാഷകളിലും പാടിയിട്ടുണ്ടെങ്കിലും മലയാളത്തിൽ പാടുന്നതിന് എസ് പി ബിക്ക് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നു. മലയാളത്തിൽ തന്‍റെ സംഗീത സംവിധാനത്തിൽ എസ് പി ബി പാടിയതൊക്കെയും മോഹൻലാലിന് വേണ്ടിയാണ്. ടെക്നോളജി ഇല്ലാത്ത കാലത്ത് ഇന്നത്തെപ്പോലെ ഗാനങ്ങൾ മുറിച്ച് മുറിച്ച് പാടുവാൻ സാധിക്കുമായിരുന്നില്ല. എങ്കിലും ഒന്നോ രണ്ടോ ടേക്കുകളിൽ എസ്‌പിബി ഗാനങ്ങൾ പാടി പൂർത്തിയാക്കുമായിരുന്നു'. കന്നടയിൽ ഒരു ചിത്രത്തിനുവേണ്ടി നൂറോളം കലാകാരന്മാർ ഒന്നിച്ച് ഒരു ഗാനം റെക്കോർഡ് ചെയ്‌തത് എസ് പി വെങ്കിടേഷ് ഓർത്തെടുത്തു. 'ആരെയും ബുദ്ധിമുട്ടിക്കാതെ രണ്ടുമണിക്കൂറിനുള്ളിൽ അദ്ദേഹം ആ പാട്ട് പാടി തീര്‍ത്തു.
എസ് പി ബാലസുബ്രമണ്യം മികച്ച ഗായകൻ എന്നതിലുപരി നല്ല അഭിനേതാവുമാണ്. അതോടൊപ്പം ഏറ്റവും നല്ല മനുഷ്യനും. ഒരു വ്യക്തിയോട് പോലും അദ്ദേഹം കോപാകുലനായി കണ്ടിട്ടില്ല. പലപ്പോഴും പല ഗാനങ്ങളിലും തന്‍റെ അഭിപ്രായം എസ് പി ബി രേഖപ്പെടുത്തുമായിരുന്നെങ്കിലും സംഗീതസംവിധായകനെ നിഷ്പ്രഭമാക്കുന്ന ഒരു പ്രവർത്തിയും ഒരു അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്താറില്ല. ക്ലാസിക്കൽ വെസ്റ്റേൺ തുടങ്ങി ഏത് റേഞ്ചിലും എസ്‌പിബിയെ പോലെ പാടുന്ന പാട്ടുകാര്‍ ഇല്ല തന്നെ'- എസ് പി വെങ്കിടേഷ് പറയുന്നു. അദ്ദേഹം ആശുപത്രിയിൽ ആയിരുന്ന സമയത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്‍റെ മരണം വെങ്കിടേഷിനെ വല്ലാതെ തകർത്തുകളഞ്ഞു. 'എസ് പി ബി ജീവിതത്തിലേക്ക് തിരിച്ചുവന്നാൽ പാടിക്കാനായി ഗാനങ്ങൾ ഒന്നും തന്നെ ഒരുക്കിവച്ചിരുന്നില്ല, എങ്കിലും അദ്ദേഹത്തിന്‍റെ ശബ്‌ദം ഇനിയും കേൾക്കണം എന്നുണ്ടായിരുന്നു.
ഒരു ഗാനം റെക്കോർഡ് ചെയ്‌തുകഴിഞ്ഞാൽ പിന്നെ അത് കേൾക്കാറില്ല. തന്‍റെ ഗാനങ്ങൾ വീണ്ടും കേൾക്കുന്ന ശീലം ഇല്ല. എങ്കിലും സിനിമകളിൽ വരുമ്പോൾ അത് കാണാനും കേൾക്കാനും ശ്രമിക്കാറുണ്ട്. താൻ സംഗീത സംവിധാനം ചെയ്‌ത എല്ലാ ഭാഷകളിലെ ഗാനങ്ങളിലും എസ് പി ബി പാടിയിട്ടുണ്ട്. ഒരുപക്ഷേ തനിക്കുവേണ്ടി ഏറ്റവും കൂടുതൽ പാടിയിട്ടുള്ള ഗായകൻ എസ് പി ബാലസുബ്രമണ്യമായിരിക്കും. തമിഴിലാണ് അവസാനം പാടിയത്.
എപ്പോഴും സംഗീതത്തെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമല്ല എസ് പി ബാലസുബ്രഹ്മണ്യം. അദ്ദേഹം ജോളിയായിട്ട് സംസാരിക്കുന്നയാളായിരുന്നു. എപ്പോഴും തമാശകൾ പറഞ്ഞുകൊണ്ടേയിരിക്കും. അദ്ദേഹത്തോടൊപ്പം സംസാരിച്ചുകൊണ്ടിരുന്നാൽ സമയം പോകുന്നത് അറിയുകയേയില്ല. ഈ ലോകത്തിലെ സകല വിഷയങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ട്. ടെക്നോളജിയെ കുറിച്ച് ബോധ്യമുണ്ട്.
വെസ്റ്റേൺ സ്റ്റൈലിൽ ഗാനങ്ങൾ ആലപിക്കാൻ എസ് പി ബാലസുബ്രഹ്മണ്യത്തിനോളം പോന്ന മറ്റൊരു ഗായകൻ ഇന്ത്യയിൽ ഇല്ല എന്ന് തന്നെ പറയാം. ഒരുകാലത്ത് തമിഴിലും മലയാളത്തിലും വെസ്റ്റേൺ രീതിയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയാൽ എസ് പി ബി അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. ജാനകിയമ്മയോടൊപ്പവും വാണി ജയറാമിനൊപ്പവും പാടാൻ എസ്‌പിബി ക്ക് ഇഷ്‌ടക്കൂടുതൽ ഉണ്ടായിരുന്നു. റെക്കോർഡിങ് സ്റ്റുഡിയോകളിൽ മാത്രമായിരുന്നു സംഗീതസംവിധായകൻ എന്നുള്ള രീതിയിൽ അദ്ദേഹം എന്നോട് സംസാരിക്കുക' - എസ്‌പിബിയെക്കുറിച്ചുള്ള എസ്‌പി വെങ്കിടേഷിന്‍റെ ഓർമ്മകള്‍ അവസാനിക്കുന്നില്ല.