PP Arnold alleges that Ike Turner raped her : അമേരിക്കന്‍ സംഗീതജ്ഞന്‍ ഐക് ടേര്‍ണര്‍ ബലാത്സംഗം ചെയ്‌തെന്ന് വെളിപ്പെടുത്തി ഗായിക പി.പി അര്‍ണോള്‍ഡ്. ടേര്‍ണര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്നാണ് 75 കാരിയായ അര്‍ണോള്‍ഡിന്‍റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്.
ഗായികയുടെ 'സോള്‍ സര്‍വൈവര്‍: ദി ഓട്ടോബയോഗ്രഫി' എന്ന പുസ്‌തകം പുറത്തിറങ്ങാനിരിക്കെയാണ് തുറന്നുപറച്ചില്‍. താന്‍ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പുസ്‌തകത്തില്‍ അര്‍ണോള്‍ഡ് വിശദീകരിച്ചിട്ടുണ്ട്. അതേസമയം എപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായതെന്ന വിവരം ഗായിക അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടില്ല.
'അത് ഭയങ്കരമായിരുന്നു.ഐക്കിനോടുള്ള എതിര്‍പ്പ് എങ്ങനെ പ്രകടമാക്കണമെന്ന് എനിക്കറിയില്ല, ഐക്കില്‍ നിന്ന് ഞാന്‍ രക്ഷപ്പെടണമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ടിന ടേര്‍ണറും ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹം എന്‍റെ പിന്നാലെയായിരുന്നു. അപ്പോള്‍ എന്‍റെ മാതാപിതാക്കളുടെ സഹായം തേടിയിരുന്നെങ്കില്‍ ഞാന്‍ വീട്ടിലേക്ക് മടങ്ങേണ്ടിവരുമായിരുന്നു. അന്ന് ഞാന്‍ കൗമാരക്കാരിയായിരുന്നു. അക്കാലത്ത് മാതാപിതാക്കളില്‍ നിന്നും ഞാന്‍ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് ' - അര്‍ണോള്‍ഡ് പറയുന്നു.
പിന്നണി ഗായകരായ എക്ക് ടേര്‍ണര്‍, ടിന ടേര്‍ണര്‍ എന്നിവരുടെ സംഗീത ബാന്‍ഡ് ഇക്കെറ്റെസില്‍ പിപി അര്‍ണോള്‍ഡും അംഗമായിരുന്നു. 1967ല്‍ 'ദി ഫസ്‌റ്റ് കട്ട് ഈസ് ദി ഡീപ്പെസ്‌റ്റ്' എന്ന പ്രകടനത്തിലൂടെ അര്‍ണോള്‍ഡ് സോളോ ഗായികയായി തന്‍റേതായ ഇടം നേടി. 60കളുടെ അവസാനത്തില്‍ അര്‍ണോള്‍ഡ് തന്‍റെ രണ്ട് സ്‌റ്റുഡിയോ ആല്‍ബങ്ങള്‍ റിലീസ് ചെയ്‌തു. 2019ല്‍ അര്‍ണോള്‍ഡ് തന്‍റെ പുതിയ കളക്ഷന്‍ അടങ്ങിയ പുസ്‌തകം 'ദി ന്യൂ അഡ്വഞ്ചേഴ്‌സ് ഓഫ് അര്‍ണോള്‍ഡ്' പ്രകാശനം ചെയ്‌തു.