വൈശാലി (ബിഹാര്‍): ഇടക്കിടെ വാര്‍ത്തകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് ബോളിവുഡ് ഗായകന്‍ അഭിജിത് ഭട്ടാചാര്യയുടേത്. വിവാദങ്ങളുടെ കളിത്തോഴന്‍ എന്നും അഭിജിത് ഭട്ടാചാര്യയെ വിശേഷിപ്പിക്കാറുണ്ട്. ബിഹാറിലെ വൈശാലി ഫെസ്റ്റില്‍ പാടാനെത്തിയ അഭിജിത് ഭട്ടാചാര്യയുടെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
സംഗതി അല്‍പം രസകരമാണ്. വൈശാലിയില്‍ ഗാനമേളയ്‌ക്കായി എത്തിയ അഭിജിത് തനിക്ക് ബിഹാറിന്‍റെ തനത് പലഹാരമായ ലിട്ടി ചോക്ക കിട്ടിയില്ലെന്ന് പറഞ്ഞ് പാടുന്നത് പകുതിയില്‍ നിര്‍ത്തുകയായിരുന്നു. ബിഹാറില്‍ വന്നിട്ട് ഇവിടത്തെ സ്‌പെഷ്യല്‍ പലഹാരമായ ലിട്ടി ചോക്ക രുചിക്കാത്തത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞായിരുന്നു ഗായകന്‍ പാട്ട് പാടുന്നത് നിര്‍ത്തിയത്. ലിട്ടി ചോക്ക ലഭിച്ചില്ലെങ്കില്‍ താന്‍ തുടര്‍ന്ന് പാട്ട് പാടില്ല എന്നും അഭിജിത് സ്റ്റേജില്‍ വച്ച് പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു വൈശാലി ഫെസ്റ്റില്‍ അഭിജിത് ഭട്ടാചാര്യ പാട്ട് പാടാനായി എത്തിയത്. പരിപാടിയുടെ തലേ ദിവസം തന്നെ അഭിജിത് ബിഹാറില്‍ എത്തിയിരുന്നു. എന്നിട്ടും തനിക്ക് ലിട്ടി ചോക്ക ആസ്വദിക്കാന്‍ സാധിച്ചില്ലെന്ന് ഗായകന്‍ പറഞ്ഞു. തന്‍റെ ട്രൂപ്പ് അംഗങ്ങളോടും അഭിജിത് ലിട്ടി ചോക്ക ലഭിച്ചോ എന്ന് ആരായുകയുണ്ടായി. അവരും ഇല്ല എന്ന് പറഞ്ഞതോടെ സംഘാടകര്‍ തങ്ങള്‍ക്ക് ലിട്ടി ചോക്ക വിളമ്പിയില്ലെങ്കില്‍ തുടര്‍ന്ന് പാടില്ല എന്നായിരുന്നു അഭിജിത് ഭട്ടാചാര്യയുടെ പ്രതികരണം.
തുടര്‍ന്ന് വൈശാലി ജില്ല മജിസ്‌ട്രേറ്റ് യശ്‌പാല്‍ മീണ ഉടന്‍ സംഘാടകരോട് അഭിജിത് ഭട്ടാചാര്യയ്‌ക്കും സംഘത്തിനും ലിട്ടി ചോക്ക ഒരുക്കാന്‍ നിര്‍ദേശം നല്‍കി. ജില്ല മജിസ്‌ട്രേറ്റ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് അഭിജിത് വീണ്ടും പാട്ട് പാടിയത്. പിന്നാലെ 'ബസ് ഇത്‌നാ സാ ഖ്വാബ് ഹെ' എന്ന മനോഹര ഗാനം അഭിജിത് ഭട്ടാചാര്യ പാടി തീര്‍ത്തു. സംഗീത നിശയില്‍ നിരവധി പാട്ടുകള്‍ പാടിയാണ് അഭിജിത് വേദി വിട്ടത്. എന്നാല്‍ ലിട്ടി ചോക്ക ലഭ്യമാക്കിയതിനെ കുറിച്ച് ജില്ല ഭരണകൂടം ഔദ്യോഗിക പ്രസ്‌താവന പുറത്ത് വിട്ടിട്ടില്ല.
നിരവധി സെലിബ്രിറ്റികള്‍ ലിട്ടി ചോക്ക കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണ്. ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ അടുത്തിടെ തനിക്ക് ലിട്ടി ചോക്കയോടുള്ള പ്രിയം പങ്കുവച്ചിരുന്നു. പട്‌ന മൃഗശാലയ്‌ക്ക് സമീപമുള്ള സ്റ്റാളില്‍ നിന്ന് ലിട്ടി ചോക്ക രുചിച്ചതിനെ കുറിച്ചായിരുന്നു ആമിര്‍ ഖാന്‍ പങ്കുവച്ചത്. 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ ഹുനാര്‍ ഹാത്ത് മേളയില്‍ നിന്ന് ലിട്ടി ചോക്ക ആസ്വദിച്ചിരുന്നു.
പ്രധാനമന്ത്രി തന്നെയാണ് താന്‍ ലിട്ടി ചോക്ക രുചിച്ച കാര്യം കാര്യം പങ്കുവച്ചത്. ചൂടുള്ള ഒരു ചായയ്‌ക്കൊപ്പം രുചികരമായ ലിട്ടി ചോക്കയും കഴിച്ചു എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ലിട്ടി ചോക്ക കഴിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കിട്ടത്. ഓരോ ഇന്ത്യക്കാരന്‍റെയും പ്ലേറ്റില്‍ ബിഹാറി വിഭവം കാണുക എന്നത് തന്‍റെ സ്വപ്‌നമാണെന്ന് ബിഹാര്‍ മുഖ്യമന്ത്രി ഒരിക്കല്‍ പറയുകയുണ്ടായി.
Also Read: ആടുജീവിതം ട്രെയിലര്‍ ചോര്‍ന്നുവോ? യാഥാര്‍ഥ്യം ഇതാണ്, പ്രതികരിച്ച് പൃഥ്വിരാജ്