Shine Tom Chacko in news: മലയാള സിനിമയില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ വിവാദ കോളങ്ങളില്‍ ഇടംപിടിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. കരിയറില്‍ സുവര്‍ണ കാലഘട്ടത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് വിവാദങ്ങളിലൂടെ നടന്‍ വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞു നിന്നത്. ഇപ്പോഴിതാ ഷൈനിന്‍റെ ഒരു പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
Shine Tom Chacko open speech: പതിവ് രീതിയില്‍ നിന്നും വളരെ വ്യത്യസ്‌തമായി ഏറെ പക്വതയോടു കൂടിയുള്ളതാണ് ഷൈനിന്‍റെ പ്രസംഗം. ട്രാന്‍സ്‌വുമണ്‍ അമയ പ്രസാദ് എഴുതിയ 'പെണ്ണായ ഞാന്‍' എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നടന്‍. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കുറിച്ചുള്ള സമൂഹത്തിന്‍റെ വികലമായ കാഴ്‌ചപ്പാടിനെ കുറിച്ചും ഷൈന്‍ സംസാരിക്കുന്നുണ്ട്. തന്‍റെ 60 ദിവസത്തെ ജയില്‍ ജീവിതത്തിനിടെ ഒരു പുസ്‌തകം തന്‍റെ ജീവിതത്തിന് പുതിയ പ്രതീക്ഷകള്‍ സമ്മാനിച്ചതിനെ കുറിച്ചും ഷൈന്‍ വാചാലനായി.
Shine Tom Chacko viral speech: ഇത്രയും അച്ചടക്കത്തോടെ നിങ്ങള്‍ എന്നെ മുമ്പ് കണ്ടിട്ടുണ്ടാവില്ല എന്ന് പറഞ്ഞ് കൊണ്ടാണ് ഷൈന്‍ തന്‍റെ പ്രസംഗം ആരംഭിക്കുന്നത്. ജീവിതത്തില്‍ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാന്‍. ചിത്രകഥകള്‍ അല്ലാത്തവ വായിക്കാന്‍ എനിക്ക് താത്‌പര്യമില്ല. അനിയത്തി ആയിരുന്നു എന്നെ ബാലരമ വായിച്ചു കേള്‍പ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളര്‍ന്ന വ്യക്തിയാണ് ഞാന്‍. 60 ദിവസത്തെ ജയില്‍ വാസത്തിനിടയിലാണ് ഒരു പുസ്‌തകം വായിക്കാന്‍ ഇടയായത്.
Shine Tom Chacko about his prison life: പൗലോ കൊയ്‌ലോയുടെ 'ഫിഫ്‌ത് മൗണ്ടന്‍' എന്ന പുസ്‌തകത്തിന്‍റെ മലയാളം പതിപ്പാണ് വായിച്ചത്. അവിടെ കയറുമ്പോള്‍, വേഗം ഇറക്കാം എന്ന രീതിയിലാണ് കയറ്റി വിടുന്നത്. എന്നാല്‍ ജാമ്യം കിട്ടാതെ സബ് ജയിലില്‍ തുടരുന്ന സമയത്ത്, ജീവിതത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്‌ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്‌തകം എനിക്ക് കിട്ടുന്നത്. ചിത്രം നോക്കാന്‍ വേണ്ടി പുസ്‌തകം തുറന്നപ്പോള്‍ ചിത്രങ്ങള്‍ ഇല്ല. പിന്നെ വായിച്ചു തുടങ്ങി.
ഒരു പേജ്, രണ്ടു പേജ് എന്ന രീതിയില്‍ വളരെ സാവധാനത്തില്‍ ആണ് വായന. ജയിലില്‍ ഒമ്പതു മണി ആകുമ്പോഴെ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാന്‍ കഴിയില്ല. അപ്പോള്‍ പുസ്‌തകം മടക്കേണ്ടി വരുന്നു. എനിക്ക് കാത്തിരിക്കാന്‍ അടുത്ത പേജിന്‍റെ ചില പ്രതീക്ഷകള്‍. ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്‌തകം മനുഷ്യന്‍റെ ജീവിതത്തില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസിലാകുന്നത്. അന്ന് ഞാന്‍ പുസ്‌തകത്തെ അറിഞ്ഞു.
അങ്ങനെ ഓരോ ദിവസവും ഞാന്‍ കാത്തിരിക്കും. 60 ദിവസം തള്ളി നീക്കാന്‍ എന്നെ സഹായിച്ചത് ആ പുസ്‌തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്‌ത് മൗണ്ടന്‍. അല്ല ആ പുസ്‌തകം, ആ എഴുത്തിന്‍റെ ശക്‌തി. മനുഷ്യന് വായനയിലൂടെയും കേള്‍വിയിലൂടെയും അനുഭവത്തിലൂടെയും മനസിലാക്കാം. കുറെ പേര്‍ക്ക് പുസ്‌തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാല്‍ അവര്‍ ഇതെല്ലാം നമുക്ക് മുമ്പേ അനുഭവിച്ചറിയുന്നു. കാടിന്‍റെ മക്കള്‍.
Shine Tom Chacko about gender discrimination: നമ്മള്‍ പരിഷ്‌കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മള്‍ ട്രാന്‍സ് വുമണ്‍ എന്ന് വിളിക്കുന്നത്. അവര്‍ സ്‌ത്രീ ആകാന്‍ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മള്‍ ഇപ്പോഴും അവരെ ട്രാന്‍സ് വുമണ്‍ എന്നും മെന്‍ എന്നും വിളിക്കുന്നത്. സ്‌ത്രീ എന്ന് വിളിക്കാന്‍ ആണ് അമേയയോട് ഞാന്‍ പറഞ്ഞത്. ഈ പുസ്‌തകത്തിന്‍റെ പേര് ട്രാന്‍സ് പെണ്ണായ ഞാന്‍ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതു കൊണ്ട് ഒരാള്‍ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാന്‍ പറ്റുമോ.
ഞാന്‍ ആണ് ആണെന്ന് മനസ്സിലാക്കിയത് ക്ലാസില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് അതില്ല. നമ്മളൊക്കെ കുട്ടികള്‍ ആയിരുന്നു. നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേര്‍തിരിക്കുന്നത്. എന്നാല്‍ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചു തന്നിട്ടില്ല. സെക്‌സ് മോശപ്പെട്ട സംഭവം ആണ്, പ്രവൃത്തിയാണ് എന്ന ചിന്തയില്‍ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മള്‍ എത്തിപ്പെട്ടത്.
Shine Tom Chacko about transgenders: സ്‌ത്രീയെ കണ്ടാല്‍ ആക്രമിക്കാനും പുരുഷനെ കണ്ടാല്‍ അവന്‍ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്. ഇവിടെ കേരളത്തിലും ലൈംഗിക ദാരിദ്ര്യമാണ്. ഇത് എവിടെ കിട്ടും എങ്ങനെ കിട്ടും ആരുടെ കയ്യില്‍ നിന്ന് കിട്ടും എന്നൊക്കെ ആളുകള്‍ ചിന്തിക്കുന്നു. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സര്‍ക്കാര്‍ വന്ന ശേഷമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്. ഇനി അവരെ സ്‌ത്രീയായി തന്നെ സംബോധന ചെയ്യാന്‍ പഠിക്കണം, ഷൈന്‍ പറഞ്ഞു.
Also Read: 'പൈലറ്റ് വിമാനം പൊന്തിക്കുന്നുണ്ടോന്ന് നോക്കാന്‍ പോയതാണ്'; കോക്ക്പിറ്റ് വിവാദത്തില്‍ ഷൈന്‍