മുംബൈ: ഷാഹിദ് കപൂർ ആരാധകർക്ക് സന്തോഷ വാർത്ത. റിലീസിനൊരുങ്ങുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലഡി ഡാഡി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. റാപ്പർ ബാദ്ഷാ രചിച്ച 'ഇസ വൈബ്' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ ചൊവ്വാഴ്‌ച പുറത്തുവിട്ടത്.
അലി അബ്ബാസ് സഫർ ആണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്‍റെ സംവിധായകന്‍. ഷാഹിദ് കപൂർ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ ഗാനത്തിന്‍റെ വീഡിയോ പങ്കിട്ടിട്ടുണ്ട്. കൂടാതെ സംവിധായകൻ അലി അബ്ബാസ് സഫറും ഗാന വീഡിയോ പോസ്റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="
">
ബ്ലഡിഡാഡി, ഇസവൈബ് എന്നീ വാക്കുകള്‍ ഹാഷ്‌ടാഗുകളായി ഒപ്പം നല്‍കിയിട്ടുണ്ട്. ബാദ്ഷായ്‌ക്കൊപ്പം പായൽ ദേവും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു. പാട്ടിലെ മാസ്‌മരിക ദൃശ്യങ്ങളും ഈണവും തികച്ചും ആകർഷകമാണെന്നാണ് ആരാധകർ പറയുന്നത്.
ബാദ്ഷായുടെ ഊർജസ്വലമായ നീക്കങ്ങളും ഗാനത്തിന്‍റെ മാറ്റ് കൂട്ടുന്നു. സിനിമയിലെ ചില ദൃശ്യങ്ങളും ഗാനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാഹിദിന്‍റെ മാസ് ലുക്കാണ് ഏറ്റവും അധികം കൈയ്യടി നേടുന്നത്.
ക്ലബ്ബിന്‍റെ പശ്ചാത്തലത്തിലാണ് 'ഇസവൈബ്' പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. 'ബാദ്ഷായുടെ വരികൾ നന്നായിട്ടുണ്ടെ'ന്നും 'ഷാഹിദ് മികച്ച ഫോമിലാണ്' എന്നിങ്ങനെയൊക്കെയാണ് വീഡിയോക്ക് താഴെ വരുന്ന ആരാധകരുടെ കമന്‍റുകൾ. ‘സൂപ്പർ സൂപ്പർ ഡ്യൂപ്പർ’ എന്നും റോക്ക്സ്റ്റാർ,' - ഇങ്ങനെ കമന്‍റുകളുണ്ട്.
2011ൽ റിലീസ് ചെയ്‌ത ഫ്രഞ്ച് ചിത്രം 'നൂയി ബ്ലോഞ്ചി'ന്‍റെ റീമേക്ക് ആണ് 'ബ്ലഡി ഡാഡി'. ജ്യോതി ദേശ്‌പാണ്ഡ്യ നിർമിക്കുന്ന ഈ സിനിമ നേരിട്ട് ഒടിടി റിലീസായാണ് പ്രദർശനത്തിനെത്തുക. ജൂൺ ഒന്‍പത് മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിൽ ചിത്രം സ്‌ട്രീമിങ് ആരംഭിക്കും.
ഷാഹിദ് കപൂറിന് പുറമെ ഡയാന പെന്‍റി, റോണിത് റോയ്, സഞ്ജയ് കപൂർ, രാജീവ് ഖണ്ഡേൽവാൾ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങൾക്ക് ജീവന്‍ നല്‍കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ട്രെയിലർ നിർമാതാക്കൾ പുറത്തുവിട്ടത്. കാണികളില്‍ നിന്ന് മികച്ച പ്രതികരണം ട്രെയിലർ നേടിയിരുന്നു.
ALSO READ: പുതിയ ദൗത്യത്തില്‍ ഷാഹിദ് കപൂര്‍; ബ്ലഡി ഡാഡി പോസ്‌റ്ററില്‍ ഒളിപ്പിച്ച് ട്രെയിലര്‍
അതേസമയം കൃതി സനോണിനൊപ്പമുള്ള റൊമാന്‍റിക് ചിത്രത്തിന്‍റെ തിരക്കിലാണ് നിലവില്‍ ഷാഹിദ് കപൂര്‍. ഷാഹിദിന്‍റെ ഈ പുതിയ ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ക്രൈം ത്രില്ലര്‍ സീരീസ് 'ഫര്‍സി'യാണ് ഷാഹിദ് കപൂറിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
രാജ്, ഡികെ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ വേറിട്ട പ്രകടനമാണ് താരം കാഴ്‌ചവച്ചത്. കെകെ മേനോൻ, വിജയ് സേതുപതി എന്നിവർക്കൊപ്പമാണ് നടന്‍ സീരീസില്‍ വേഷമിട്ടത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്‌ത 'ഫര്‍സി' മികച്ച പ്രതികരണം നേടിയിരുന്നു.
'ഫര്‍സി'ക്ക് മുമ്പായി 'ജേഴ്‌സി' എന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലാണ് ഷാഹിദ് അഭിനയിച്ചത്. തെലുങ്ക് സൂപ്പര്‍ താരം നാനി അഭിനയിച്ച സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു 'ജേഴ്‌സി'. അതേസമയം തെലുഗു ചിത്രം 'അർജുന്‍ റെഡ്ഡി'യുടെ റീമേക്ക് ആയിരുന്ന 'കബീര്‍ സിങാണ്' ഷാഹിദിന്‍റെ പ്രധാന ഹിറ്റ് ചിത്രങ്ങളില്‍ ഒന്ന്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇവയ്‌ക്ക് പുറമെ 'ഉഡ്‌ത പഞ്ചാബ്', 'ഹൈദർ', 'ജബ് വി മെറ്റ്', 'പത്മാവത്', 'ഇഷ്‌ക് വിഷ്‌ക്' തുടങ്ങീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് ഷാഹിദ് കാഴ്‌ച്ചവച്ചത്.