ബോളിവുഡും തെന്നിന്ത്യയും ഒരുപോലെ ആവേശപൂർവം കാത്തിരിക്കുന്ന ചിത്രമാണ് 'ജവാൻ'. ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാനെ നായകനാക്കി തമിഴ് സിനിമാലോകത്തെ ഹിറ്റ്‌മേക്കർ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ഗാനം എത്തുകയായി. കിങ് ഖാൻ തന്നെയാണ് 'ജവാനി'ലെ പുതിയ ഗാനത്തിന്‍റെ വരവറിയിച്ചിരിക്കുന്നത്.
ഇത്തവണ റൊമാന്‍റിക് ട്രാക്കുമായാണ് 'ജവാൻ' ടീം എത്തുന്നത്. അനിരുദ്ധിന്‍റെ സംഗീത സംവിധാനത്തില്‍ 'ചലേയ' എന്ന ഗാനം നാളെ (തിങ്കളാഴ്‌ച) റിലീസ് ചെയ്യും. ഗാനത്തിന്‍റെ ടീസർ പുറത്തുവന്നു. ഷാരൂഖ് ഖാനാണ് 'ചലേയ' ഗാനത്തിന്‍റെ ടീസർ ആരാധകരുമായി പങ്കിട്ടത്. പ്രണയ ജോഡികളായി കിങ് ഖാനും നയൻസും തിളങ്ങുന്ന ഗാനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
'ജവാനി'ലെ റൊമാന്‍റിക് ഗാനത്തില്‍ തെന്നിന്ത്യൻ താരം നയൻതാരയോടൊപ്പമുള്ള ഷാരൂഖ് ഖാന്‍റെ കെമിസ്‌ട്രി എങ്ങനെയാകുമെന്നും കൗതുകപൂർവം നോക്കുകയാണ് ആരാധകർ. ഏതായാലും 'ചാലേയ' ഗാനം ഷാരൂഖ് - നയൻതാര ആരാധകർക്ക് ഒരു വിരുന്നായി മാറുമെന്ന് തന്നെയാണ് ടീസർ വ്യക്തമാക്കുന്നത്. തന്‍റെ തനതായ റൊമാന്‍റിക് ഹീറോ വൈബുകൾ ഈ ഗാനത്തിലും തുടരുന്നുണ്ട് ഷാരൂഖ്.
ഹിന്ദി, തെലുഗു, തമിഴ് ഭാഷകളിലാണ് ഗാനം എത്തുക. ഈ മൂന്ന് ഭാഷകളിലുമുള്ള ടീസറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. തെലുഗുവിൽ 'ചലോന' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് തമിഴിൽ 'ഹയോടാ' എന്നാണ് പേര്. ഗാനം നാളെയാണ് പുറത്തിറങ്ങുകയെന്നും നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഷാരൂഖിനെയും നയൻതാരയെയും പ്രണയ ജോഡികളായി അവതരിപ്പിക്കുന്നതാണ് 'ചലേയ' ടീസർ. ഗാനത്തിന്‍റെ പ്രമോഷണൽ വീഡിയോയില്‍ പ്രണയാതുരരായി നൃത്തം ചെയ്യുകയാണ് ഷാരൂഖും നയൻതാരയും. 'പ്രണയം നിങ്ങളുടെ ഹൃദയത്തിലേക്ക് ഒരു വഴി കണ്ടെത്തും' എന്ന് കുറിച്ചുകൊണ്ടാണ് 'ചലേയ'യുടെ ടീസർ ഷാരൂഖ് ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതവും കയ്യടി നേടുന്നു. ഗാനത്തിന്‍റെ ഹിന്ദി പതിപ്പിന് ശബ്‌ദം നൽകിയിരിക്കുന്നത് അരിജിത് സിങ്ങും ശിൽപ റാവുവും ആണ്. കുമാർ എന്നറിയപ്പെടുന്ന രാകേഷ് കുമാർ പാൽ ആണ് ഗാനരചയിതാവ്. തെലുഗുവില്‍ ആദിത്യ ആർക്കെയും പ്രിയ ഹിമേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഓസ്‌കർ ജേതാവായ ഗാന രചയിതാവ് ചന്ദ്രബോസിന്‍റേതാണ് വരികൾ.
വിജയ് സേതുപതിയും 'ജവാനി'ൽ പ്രധാന വേഷത്തിലുണ്ട്. നായകനെ എതിരിടുന്ന പ്രതിനായകനായാകും താരം എത്തുക എന്നാണ് സൂചന. പ്രിയാമണി, സന്യ മൽഹോത്ര, റിധി ഡോഗ്ര, സുനിൽ ഗ്രോവർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. സെപ്റ്റംബർ 7ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തും.
READ MORE: Jawan| 'ജവാൻ' പുതിയ പോസ്റ്ററുമായി ഷാരൂഖ്; കിങ് ഖാനൊപ്പം മാസായി വിജയ് സേതുപതിയും നയൻതാരയും
'ജവാൻ' റിലീസിന് ഇനി ഒരു മാസം മാത്രമേയുള്ളൂവെന്ന് ആരാധകരെ ഓർമിപ്പിച്ചുകൊണ്ട് ഷാരൂഖ് ഖാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ഷാരൂഖ് 'ജവാൻ' തരംഗത്തിന് ആക്കം കൂട്ടിയത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് 'ജവാന്‍റെ' നിര്‍മാണം. ദീപിക പദുകോണ്‍, സഞ്ജയ് ദത്ത് എന്നിവർ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട് എന്നതും 'ജവാന്‍റെ' സവിശേഷതയാണ്.