ബോളിവുഡിന്‍റെ ബാദുഷ ഷാരൂഖ് ഖാനെ നായകനാക്കി തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി ഒരുക്കുന്ന ചിത്രമാണ് 'ജവാൻ' (Atlee Film Jawan starring Shahrukh Khan). ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ റിലീസിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നാളെ (സെപ്റ്റംബർ 7 ന്) തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ 'ജവാൻ' ലോകമെമ്പാടും റിലീസ് ചെയ്യും (Jawan Release).
'ജവാന്‍റെ' വമ്പൻ റിലീസാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുങ്ങുന്നത് (Shah Rukh Khan Jawan Big Release). ഗോകുലം ഗോപാലനാണ് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ 'ജവാൻ' വിതരണത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്‍റ് മൂവീസും കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസുമാണ് ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണേഴ്‌സ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 കേന്ദ്രങ്ങളിൽ 1001 സ്‌ക്രീനുകളിലാണ് 'ജവാൻ' പ്രദർശനത്തിനെത്തുന്നത്.
'ജവാനി'ലൂടെ തങ്ങളുടെ വിതരണശൃംഖല തമിഴ്‌നാട്ടിലും ആരംഭിക്കുകയാണ് ശ്രീ ഗോകുലം മൂവീസ്. തമിഴ്‌നാട്ടിൽ 450ലധികം സെന്‍ററുകളിലായി 650 സ്‌ക്രീനുകളിലൂടെ ചിത്രം പ്രേക്ഷകർക്കരികിലെത്തും. കേരളത്തിൽ 270 സെന്‍ററുകളിലായി 350 സ്‌ക്രീനുകളിലാണ് ചിത്രം എത്തുകയെന്നും ശ്രീ ഗോകുലം മൂവീസിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി പറയുന്നു. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്‌നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്‍ററുകളും സ്‌ക്രീനുകളും എന്ന റെക്കാർഡാണ് 'ജവാനി'ലൂടെ നേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്‍റെ ഹിന്ദി, തമിഴ് പതിപ്പുകൾ റിലീസ് ചെയ്യുമെന്നും പറഞ്ഞ കൃഷ്‌ണമൂർത്തി 'ജവാൻ' ഹിന്ദി പതിപ്പിന്‍റെ കൂടെ സബ്ടൈറ്റിൽ ചേർക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ബോക്‌സോഫിസിൽ വിജയം കൊയ്‌ത 'പഠാന്' ശേഷം ഷാരൂഖ് ഖാന്‍ നായകനാകുന്ന ചിത്രമാണ് 'ജവാൻ'. തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ നായികയാകുന്നത്.
അതേസമയം തമിഴിൽ 'തെരി', 'മെര്‍സല്‍', 'ബിഗില്‍' തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ജവാന്‍'. വലിയ താരനിരയെ അണിനിരത്തി, മാസായാണ് അറ്റ്‌ലിയുടെ ബോളിവുഡ് പ്രവേശനം. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ചിത്രത്തില്‍ പ്രതിനായക വേഷത്തിലാകും താരം എത്തുക എന്നാണ് സൂചന.
ദീപിക പദുക്കോൺ (Deepika Padukone), സഞ്ജയ് ദത്ത് (Sanjay Dutt) എന്നിവർ 'ജവാനി'ൽ അതിഥി വേഷങ്ങളിൽ എത്തും. പ്രിയാമണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദ്രോഗ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.
റെഡ് ചില്ലീസ് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറില്‍ ഗൗരി ഖാനാണ് ജവാൻ നിർമിച്ചിരിക്കുന്നത്. ഗൗരവ് വർമ്മ ചിത്രത്തിന്‍റെ സഹനിർമ്മാതാവാണ്. ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറാണ് 'ജവാന്‍റെ' സംഗീതത്തിന് പിന്നിൽ. ഇതുവരെ പുറത്തുവന്ന ചിത്രത്തിലെ 'സിന്ദാ ബന്ദാ...', 'ചലേയാ...', 'നോട്ട് രാമയ്യ വസ്‌താവയ്യ...' തുടങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചിരുന്നു.