ചെന്നൈ : പൊലീസ് ഡ്രാമ വിഭാഗത്തിൽ ചിമ്പു നായകനായി തമിഴിൽ വരാനിരിക്കുന്ന ചിത്രമാണ് ‘പത്തു തല’. ഗൗതം വാസുദേവ് മേനോൻ്റെ സംവിധാനത്തിൽ ഇറങ്ങിയ ‘വെന്തു തനിന്തത് കാട്’ എന്ന സിനിമയിലൂടെ ഒരു വലിയ തിരിച്ചുവരവ് നടത്തിയ ചിമ്പുവിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ‘പത്തു തല’. ചിത്രത്തിൻ്റെ ട്രെയിലർ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. മാസ് റോളിലെത്തുന്ന ചിമ്പുവിൻ്റെ വേഷം ആരാധകരിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് സൃഷ്‌ടിച്ചിരിക്കുന്നത്. മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസിനെത്തുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് മാർച്ച് 18 ന് ചെന്നൈയിൽ വലിയ പരിപാടിയായി നടത്തിയിരുന്നു. സിനിമയിലെ റിലീസായ നിനൈവിറുക്കാ, നമ്മ സത്തം എന്നീ ഗാനങ്ങൾ വൻ ഹിറ്റുകളായി മാറിയിരുന്നു.
സിനിമയിലെ ഏറ്റവും പുതിയ ഗാനം ‘റാവഡി’: ഐറ്റം സോങ് വിഭാഗത്തിലുള്ളതാണ് സിനിമയിലെ ഏറ്റവും പുതിയ ഗാനം ‘റാവഡി’. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിൽ നിന്നുള്ള സ്റ്റില്ലുകളിൽ കാണിച്ചിരിക്കുന്നതുപോലെ, നടി സയേഷ സൈഗാൾ ആണ് ‘റാവഡി’യിൽ ഐറ്റം ഡാൻസിന് ചുവടുവയ്ക്കുന്നത്. സന്തോഷ് ആനന്ദ്‌രാമൻ സംവിധാനം ചെയ്‌ത 2021 ഏപ്രിലിൽ പുറത്തിറങ്ങിയ ‘യുവരത്‌ന’യാണ് സയേഷ അവസാനമായി വേഷമിട്ട സിനിമ. 2019-ൽ ആര്യയെ വിവാഹം കഴിക്കുകയും 2021-ൽ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് അരിയാന പിറന്നതിനുശേഷം കുറച്ചുനാളായി സയേഷ സിനിമാമേഖലയിൽ നിന്ന് വിട്ടുനിൽക്കുകയുമായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
സിനിമയിൽ താൻ ഉണ്ടാകും എന്ന് സയേഷ ആദ്യം അറിയിച്ചപ്പോൾ ആരാധകർ ഏറെ ആകാംക്ഷയിലായിരുന്നു. എന്നാൽ ഇതിനുശേഷം ഐറ്റം സോങ്ങിന്‍റെ പോസ്റ്റർ താരം തന്നെ തൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവച്ചു. തുടർന്ന് ഒരുപാട് എതിർപ്പ് താരത്തിന് തൻ്റെ ആരാധകരിൽ നിന്നുതന്നെ നേരിടേണ്ടി വന്നിരുന്നു.
‘ഏറെ നാളുകൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ അത് ഏതെങ്കിലും നല്ല വേഷം ചെയ്‌തുകൊണ്ടാകുമെന്നാണ് കരുതിയത്. ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാൽ പറഞ്ഞ ആരാധകർക്ക് ചുട്ട മറുപടിയുമായി സയേഷ തന്നെ രംഗത്തുവന്നിരുന്നു.
കിട്ടുന്ന വേഷം എന്തായാലും അത് നന്നായി ചെയ്യും : ഒരു സിനിമയിൽ തനിക്ക് കിട്ടുന്ന വേഷം എന്തായാലും അത് കഴിയുന്നത്ര നന്നായി ചെയ്യാനേ ശ്രമിക്കാറുള്ളൂ. എന്ത് വേഷം ചെയ്യുന്നതിലും തനിക്ക് അഭിമാനമേയുള്ളൂ എന്നുമാണ് താരം ആരാധകർക്കും വിമർശകർക്കും മറുപടി നൽകിയത്. എ ആർ റഹ്‌മാൻ സംഗീതം നൽകി, ശുഭ, നിവാസ് കെ പ്രസന്ന എന്നിവർ പാടിയ ഗാനത്തിൽ ഗൗതം കാർത്തിക്കും സയേഷയോടൊപ്പം നൃത്തം ചെയ്യുന്നുണ്ട്.
ഒബെലി എൻ കൃഷ്ണ സംവിധാനം ചെയുന്ന 'പത്തു തല' യിൽ ചിമ്പു ഒരു ഗ്യാങ്സ്റ്ററായാണ് അഭിനയിക്കുന്നത്. കന്നഡ ചിത്രമായ 'മുഫ്‌തി'യുടെ തമിഴ് റീമേക്കാണ് 'പത്തു തല'. ചിമ്പുവിനെ കൂടാതെ ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം മേനോൻ, സന്തോഷ് പ്രതാപ് എന്നിവർ സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.