ഹൈദരാബാദ്: ബോളിവുഡ് യുവ താരനിരയിൽ ശ്രദ്ധേയരായ വിക്കി കൗശലും സാറ അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് 'സാരാ ഹട്‌കെ സാരാ ബച്ച്‌കെ'. ബിഗ് സ്‌ക്രീനിൽ ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജൂൺ രണ്ടിന് പ്രദർശനത്തിനെത്തും. റിലീസ് അടുക്കവെ തന്നെ ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കുകളിലാണ് സാറയും വിക്കിയും.
നിലവിൽ രാജസ്ഥാനിലാണ് താരങ്ങൾ. 'സാരാ ഹട്‌കെ സാരാ ബച്ച്‌കെ' സിനിമയിലെ ഏറ്റവും പുതിയ ഗാനമായ 'തേരേ വാസ്‌തേ' ഇരുവരും ചേർന്ന് ജയ്‌പൂരിൽ അവതരിപ്പിക്കും. എന്നാൽ ഇതിന് മുന്നോടിയായി രാജസ്ഥാനിലെ ഒരു കുടുംബത്തെ സന്ദർശിച്ചിരിക്കുകയാണ് സാറയും വിക്കിയും. 170 അംഗങ്ങൾ അടങ്ങിയ ബൃഹത് കുടുംബത്തെ സന്ദർശിച്ച ഫോട്ടോയും വീഡിയോയുമെല്ലാം വിക്കി കൗശൽ തന്നെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
പരമ്പരാഗത രീതിയിൽ ചുൾഹയിൽ (അടുപ്പിൽ) ഉണ്ടാക്കിയ റൊട്ടി ആസ്വദിച്ചുകഴിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഒരു കൂട്ടുകുടുംബത്തിൽ താമസിക്കുന്ന നവദമ്പതികളെ ചുറ്റിപ്പറ്റിയുള്ളതാണ് സാറയുടെയും വിക്കിയുടെയും പുതിയ സിനിമയുടെ ഇതിവൃത്തം. രാജസ്ഥാനിലെ 170 അംഗങ്ങളുള്ള ഈ കൂട്ടുകുടുംബത്തെ സന്ദർശിക്കാൻ ഇവരെ പ്രേരിപ്പിച്ചതും അതുതന്നെയായേക്കാം.
വിക്കിയും സാറയും കുടുംബാംഗങ്ങളുമൊത്ത് ആടിപാടുന്നതും സ്‌നേഹപൂർവം വിളമ്പിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതും വീഡിയോയിൽ കാണാം. റൊട്ടിയും കറിയും നന്നായെന്ന് ആതിഥേയരെ അഭിനന്ദിക്കാനും താരങ്ങൾ മറന്നില്ല.
"ഗോസിപ്പ് സെഷൻ- സഹപരിവാർ! 170 അംഗങ്ങളുള്ള ഒരു സംയുക്ത കുടുംബം... കുടുംബം എത്ര വലുതാണോ അത്രയും വലിയ ഹൃദയവുമുള്ളവർ എന്നാണ് വിക്കി കൗശൽ ഫോട്ടോകളും വീഡിയോയും പങ്കുവച്ചുകൊണ്ട് ഇൻസ്‌റ്റഗ്രാമിൽ കുറിച്ചത്. കുടുംബത്തിന് നന്മകൾ നേർന്ന താരം 'സാരാ ഹട്‌കെ സാരാ ബച്ച്‌കെ'യുടെ റിലീസ് ജൂൺ രണ്ടിനാണെന്നും ആരാധകരെ ഓർമിപ്പിച്ചു.
ലക്ഷ്‌മൺ ഉടേക്കർ ആണ് 'സാരാ ഹട്‌കെ സാരാ ബച്ച്‌കെ' സംവിധാനം ചെയ്യുന്നത്. മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജ് ആണ് നിർമാണം. സോമ്യയായി സാറയും കപിൽ ആയി വിക്കിയും എത്തുന്ന ചിത്രത്തിൻ്റെ കഥ നടക്കുന്നത് മധ്യപ്രദേശിലെ ഇൻഡോർ കേന്ദ്രീകരിച്ചാണ്.
അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ സാറാ അലി ഖാന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നയന മനോഹരമായ ലെഹങ്ക ധരിച്ചാണ് സാറ തന്‍റെ ആദ്യ കാൻ ചലച്ചിത്ര മേള അവിസ്‌മരണീയമാക്കിയത്. അബു ജാനി സന്ദീപ് കോസ്ലയാണ് ഉദ്ഘാടന ദിവസം സാറ അണിഞ്ഞ ലെഹങ്ക ഡിസൈന്‍ ചെയ്‌തത്. ഓഫ്‍വൈറ്റ് നിറത്തിലുള്ള ലെഹങ്കയിൽ ഹെവി ഡിസൈനുകളാണ് നൽകിയത്. ലെഹങ്കയിലെ ത്രെഡ് വർക്കുകളും ബ്ലൗസിലെ സ്റ്റോൺ വർക്കുകളും എടുത്തു പറയേണ്ടതാണ്. ഫിലിം ഫെസ്റ്റിവലിലെ സാറയുടെ ലുക്കുകളെല്ലാം തന്നെ വൈറലായിരുന്നു.