പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമ്മൂട് കൂട്ടുകെട്ടില്‍ അടുത്തിടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് ജന ഗണ മന. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‌ത സിനിമയില്‍ വര്‍ത്തമാനകാല രാഷ്‌ട്രീയവും ഉള്‍ക്കാമ്പോടെ അവതരിപ്പിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് നടന്ന ചില സംഭവങ്ങളും സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്.
പൃഥ്വിരാജും സുരാജും മത്സരിച്ചഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ ലഭിച്ചത്. സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുമായി ആളുകള്‍ സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. എറ്റവുമൊടുവിലായി ജന ഗണ മന സിനിമയ്‌ക്കെതിരെ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ എത്തിയിരിക്കുകയാണ്.
മട്ടാഞ്ചേരി മാഫിയയുടെ ദേശ വിരുദ്ധ സിനിമയാണ് ജന ഗണ മനയെന്നാണ് സന്ദീപ് വാര്യരുടെ വാദം. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് അദ്ദേഹം ആക്ഷേപം ഉന്നയിച്ചത്. 'കേരളത്തില്‍ ദേശ വിരുദ്ധ സിനിമകള്‍ ഇറങ്ങുന്നുണ്ട്.
അതില്‍ നമുക്കൊക്കെ പ്രയാസവും പ്രശ്‌നവുമുണ്ട്. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരുപാട് സുഹൃത്തുക്കള്‍ ഉളള ആളാണ് ഞാന്‍. വിഷമിച്ചിട്ട് എന്തുകാര്യം. മലയാളത്തിലെ എത്ര നിര്‍മാതാക്കള്‍ പണമിറക്കാന്‍ തയ്യാറാണ്. ആരും ഇല്ല, നമ്മുടെ നിര്‍മാതാക്കളുടെ കൈയില്‍ പണമില്ല.
നമ്മുടെ ഇടയില്‍ നല്ല സംരംഭകരുമില്ല. എന്നാല്‍ അപ്പുറത്തെ അവസ്ഥ അങ്ങനെയല്ല. അനധികൃതമായും അല്ലാതെയും വരുന്ന കോടിക്കണക്കിന് രൂപ അവിടെ കുമിഞ്ഞുകൂടുന്നു. മട്ടാഞ്ചേരി മാഫിയയ്‌ക്ക് ജന ഗണ മന എന്ന പേരില്‍ രാജ്യവിരുദ്ധ സിനിമ ഇറക്കാന്‍ കഴിയുന്ന സാഹചര്യം കേരളത്തിലുണ്ടാകുന്നു. സംരംഭകരാവുക എന്നതാണ് ഇത് തടയാനുളള വഴി',- സന്ദീപ് വാര്യര്‍ ആരോപിച്ചു.
ഷാരിസ് മുഹമ്മദാണ് ജന ഗണ മന സിനിമയുടെ തിരക്കഥ എഴുതിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം വിജയമായതിന് പിന്നാലെ ജന ഗണ മനയുടെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.