തിരുവനന്തപുരം: മഹാഭാരതത്തിലെ ശകുന്തള - ദുഷ്യന്തൻ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം ശാകുന്തളം ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. ചിത്രം 3ഡി ദൃശ്യമികവിലും റിലീസ് ചെയ്യും. സാമന്തയാണ് സിനിമയില്‍ ശകുന്തളയായി എത്തുന്നത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തന്‍റെ കഥാപാത്രത്തിലെത്തുന്നത്. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗുണ ടീം വർക്‌സിന്‍റെ ബാനറിൽ നീലിമ ഗുണയാണ് നിർമിക്കുന്നത്. തെലുഗുവിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
മണി ശർമയാണ് സംഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. അദിതി ബാലൻ അനസൂയയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്. സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്‌ത എന്നിവരടങ്ങുന്ന മികച്ച താരനിരയും ചിത്രത്തിലുണ്ട്.
ഐക്കൺ സ്‌റ്റാർ അല്ലു അർജുന്‍റെ മകൾ അല്ലു അർഹയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകർഷണം. ശബരിയാണ് ചിത്രത്തിന്‍റെ പിആർഒ.