വാലന്‍റൈൻസ് ദിനം.... പ്രണയിക്കുന്നവരും പ്രണയം തുറന്നുപറയാന്‍ ആഗ്രഹിക്കുന്നവരും തങ്ങളുടെ പ്രിയപ്പെട്ട ആളെ ആകര്‍ഷിപ്പിക്കാന്‍ അത്യധികം ശ്രമം നടത്തുന്ന ദിവസം കൂടിയാണ് ഇത്. ഇങ്ങനെയുള്ളവര്‍ക്കായി, അധികം മിനക്കെടാതെ എന്നാല്‍ വികാരങ്ങൾ നന്നായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു 'സൂത്രത്തെക്കുറിച്ച്' പറയാം. അത് മറ്റൊന്നുമല്ല, 'പാട്ടുംപാടി' ചെയ്യാവുന്ന ഒന്നാണ്.
റൊമാന്‍റിക് മൂഡ് സൃഷ്‌ടിക്കുന്ന പാട്ടുകള്‍ നിങ്ങളുടെ പ്രിയപ്പെട്ട ആളുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളില്‍ കേള്‍പ്പിക്കാം, നന്നായി പാടാന്‍ അറിയുന്ന ആളാണ് നിങ്ങളെങ്കില്‍ ഒന്ന് പാടിയും നോക്കാം. താഴെ പറയുന്നവയാണ് ഇതിന് പറ്റിയ ആ പ്രണയപ്പാട്ടുകള്‍.
പെഹ്‌ല നഷാ: ഉദിത് നാരായൺ, സാധന സർഗം എന്നിവർ ചേർന്ന് പാടിയ 'പെഹ്‌ല നഷാ'. മികച്ച റൊമാന്‍റിക് ഗാനങ്ങളിലൊന്നാണ്. 1992ൽ തിയേറ്ററുകളിലെത്തിയ ആമിർ ഖാൻ നായകനായ 'ജോ ജീതാ വോഹി സിക്കന്ദർ' ചിത്രത്തിലേതാണ് ഈ മനോഹര ഗാനം.
തുജെ ദേഖാ തോ: ഷാരുഖ് ഖാനും കാജോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച, 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ'യിലേ അനശ്വര ഗാനം. 'തുജെ ദേഖാ തോ' അല്ലെങ്കിൽ 'ഹോ ഗയാ ഹേ തുജ്‌കോ തോ പ്യാർ സജ്‌ന' എന്ന പാട്ടും നല്ല റൊമാന്‍റിക് മൂഡ് ഒരുക്കുന്നതാണ്.
ദോ ദിൽ മിൽ രഹേ ഹേ: ഷാരൂഖിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളിലെ ഗാനങ്ങളും ആലപിച്ചത് കുമാർ സാനുവാണ്. ഈ ശബ്‌ദം ഷാരൂഖിന്‍റെ കരിയറിലെ ഒരു പ്രധാന ഭാഗമാണ്. 'പർദേസി'ലെ 'ദോ ദിൽ മിൽ രഹേ ഹേ' ഒരിക്കല്‍ പ്ലേ ചെയ്‌താല്‍, വീണ്ടും വീണ്ടും പ്ളേ ചെയ്യും ഉറപ്പ്.
സരാ സാ: നമ്മെ വിട്ടുപിരിഞ്ഞ പ്രിയ ഗായകന്‍ കെകെ (കൃഷ്‌ണകുമാര്‍ കുന്നത്ത്) പാടിയ പാട്ട്. ഇമ്രാൻ ഹാഷ്‌മി നായകനായെത്തിയ ചിത്രത്തിലെ 'ബീറ്റീൻ ലംഹേ', 'ദിൽ ഇബാദത്ത്' തുടങ്ങിയ പാട്ടുകള്‍ ആരിലും പ്രണയം നിറയ്‌ക്കും.
തും ഹി ഹോ: 'ആഷിഖി 2'ലെ 'തും ഹി ഹോ' ഗാനം നിങ്ങളില്‍ അത്ഭുതങ്ങൾ സൃഷ്‌ടിക്കും. ഇർഷാദ് കാമിൽ എഴുതി, അരിജിത് സിങ് ആലപിച്ച പാട്ട്. ബോളിവുഡിലെ ജനപ്രിയ പ്രണയ ഗാനങ്ങളിലൊന്ന്.
രാതൻ ലാംബിയൻ: സിദ്ധാർഥ് മൽഹോത്രയുടേയും കിയാര അദ്വാനിയുടേയും മനോഹര പ്രണയ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ഗാനം. 'ഷേർഷ'യിലെ 'രാതൻ ലംബിയാൻ' ഇപ്പോഴും ഹിറ്റ് തന്നെ.
കേസരിയ: അരിജിത് സിങിന്‍റെ മാന്ത്രികമായ ശബ്‌ദം പ്രകടമാവുന്ന ഗാനം. രൺബീർ കപൂറും ആലിയ ഭട്ടും തകര്‍ത്ത് അഭിനയിച്ച ബ്രഹ്‌മാസ്‌ത്രയിലെ കേസരിയയും നിങ്ങളുടെ മനം പോലെയുള്ള പാട്ടാണ്.