രാജ്യാന്തര ശ്രദ്ധ നേടിയ സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ 'കാന്താര'. ഫാന്‍റസിയും മിത്തും കൊണ്ട് മികച്ച കാഴ്‌ചാനുഭവം സമ്മാനിച്ച 'കാന്താര' ബോക്‌സോഫിസിലും ചലനം സൃഷ്‌ടിച്ചിരുന്നു. ചിത്രം വന്‍ വിജയം നേടിയതോടെ സിനിമയുടെ പ്രീക്വല്‍, സീക്വല്‍ ചര്‍ച്ചകളെ കുറിച്ചും വാര്‍ത്തകള്‍ വന്നു.
'കാന്താര'യുടെ രണ്ടാം ഭാഗത്തിന്‍റെ സാധ്യതയെ കുറിച്ച് നിര്‍മാതാവ് വിജയ് കിരഗണ്ഡൂര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ 'കാന്താര'യുടെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ എത്തുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സംവിധായകന്‍ ഋഷഭ് ഷെട്ടിയുമായി ആലോചിച്ച് മാത്രമെ തീരുമാനം എടുക്കുകയുള്ളൂവെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
'കാന്താര'യുടെ പ്രീക്വലുമായി ബന്ധപ്പെട്ടുള്ള വിജയ് കിരഗണ്ഡൂരിന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 'കാന്താര'യില്‍ പറയുന്ന പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നതായി നിര്‍മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുകയാണ്. പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്‍റെ പൂര്‍വ്വ കഥയെ അടിസ്ഥാനമാക്കിയാണ് പ്രീക്വല്‍ ഒരുങ്ങുന്നത്.
പ്രോജക്‌ടിന്‍റെ രചന ഋഷഭ് ഷെട്ടി ആരംഭിച്ചതായും സഹ രചയിതാക്കള്‍ക്കൊപ്പം കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്കായി അദ്ദേഹം വനത്തിലേക്ക് പോയിരിക്കുകയാണെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു. ചിത്രീകരണം ജൂണില്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായത് കൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്.
2024 ഏപ്രില്‍, മെയ് മാസത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റിലീസായി 'കാന്താര' പ്രീക്വല്‍ ആലോചിച്ചിക്കുന്നുവെന്നും 'കാന്താര' വലിയ വിജയം ആയത് കൊണ്ട് തന്നെ ഒരു രണ്ടാം ഭാഗം പ്രേക്ഷക പ്രതീക്ഷ നല്‍കുന്നതാണെന്നും പുതിയ ചില കഥാപാത്രങ്ങളും കൂടി അണിചേരുമെന്നും വിജയ് കിരഗണ്ഡൂര്‍ പറഞ്ഞു.