കെജിഎഫ് സീരീസിന്‍റെ വന്‍ വിജയത്തിന് പിന്നാലെ കന്നടത്തില്‍ നിന്ന് മറ്റൊരു പാന്‍ ഇന്ത്യന്‍ സിനിമ കൂടി റിലീസിന് ഒരുങ്ങുന്നു. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം രക്ഷിത് ഷെട്ടി നായകനായ '777 ചാര്‍ളി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്‍റണി വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് കന്നട ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ പങ്കുവച്ചത്.
ചാര്‍ളി എന്ന നായ്‌കുട്ടിയുമായുളള ധര്‍മ എന്ന യുവാവിന്‍റെ സൗഹൃദവും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുളള ആത്മബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഉദ്വേഗമുണര്‍ത്തുന്നതാണ്.
പ്രതീക്ഷ നല്‍കുന്ന രംഗങ്ങളാണ് സിനിമയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിരിക്കുന്നത്. ഒരു ഫീല്‍ഗുഡ് ചിത്രമായാണ് സിനിമ എത്തുന്നതെന്ന സൂചനകളാണ് ട്രെയിലറിലൂടെ ലഭിക്കുന്നത്. '777 ചാര്‍ളി'യുടേതായി മുന്‍പ് ഇറങ്ങിയ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ജൂണ്‍ 10ന് കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് രക്ഷിത് ഷെട്ടി ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. തമിഴില്‍ നിര്‍മാതാവും സംവിധായകനുമായ കാര്‍ത്തിക് സുബ്ബരാജും, തെലുങ്കില്‍ നടന്‍ നാനിയും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
മലയാളിയായ കിരണ്‍ രാജാണ് പാന്‍ ഇന്ത്യന്‍ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. സംഗീത ശൃംഗേരി നായികാവേഷത്തില്‍ എത്തുന്ന സിനിമയില്‍ രാജ് ബി ഷെട്ടി, ഡാനിഷ് സേട്ട്, ബോബി സിംഹ എന്നീ താരങ്ങളും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
പരംവഹ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജിഎസ് ഗുപ്‌തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് നിര്‍മാണം. മലയാളിയായ നോബിന്‍ പോളാണ് 777 ചാര്‍ളിയുടെ സംഗീതം ഒരുക്കിയത്. "ഞങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട യാത്ര നിങ്ങള്‍ക്കായി ഒരു സ്‌നിപ്പറ്റായി സംഗ്രഹിച്ചിരിക്കുന്നു.
ജൂണ്‍ 10ന് കൊണ്ടുവരാന്‍ പോകുന്ന എല്ലാത്തിനും ഒരു മുന്നോടിയാണ് ഇത്. നിങ്ങള്‍ ഇത് സ്നേഹത്തോടെ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു". 777 ചാര്‍ളി സിനിമയുടെ ട്രെയിലര്‍ പങ്കുവച്ച് രക്ഷിത് ഷെട്ടി തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.